Connect with us

Ongoing News

പട്ടം തിരയുന്ന കുഞ്ഞുങ്ങള്‍

Published

|

Last Updated

അസാം ഭരപേട്ട ജില്ലയിലെ ബാഗ്‌ബോർ ഗ്രാമത്തിലെ ഏഴ് വയസ്സുകാരി അംന വീടിനടുത്തുള്ള വെള്ളക്കെട്ടിന് മുന്നിലായി വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞാൽ അത് മരമാകും, ചില്ലകൾ പടർന്നുപന്തലിക്കും, കിളികൾ വന്നു കൂടുവെക്കും. എന്നാൽ, അവയൊന്നും കാണാനും ആഹ്ലാദിക്കാനും അവളുണ്ടാകില്ല. നിറയെ സ്വപ്നങ്ങളുള്ള ഈ പെൺകുട്ടി ഡിറ്റൻഷൻ സെന്ററിലേക്ക് പോകുകയാണ്. ഇടത്തരം കർഷക കുടുംബത്തിലെ അംനയെ പോലെ ലക്ഷക്കണക്കിന് കുട്ടികളാണ് അസാമിലിപ്പോൾ തടവറകളിലേക്ക് ആനയിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്യുന്നത്.

ആഗസ്റ്റ് 31, ചെറിയ ചാറ്റൽ മഴ പെയ്ത ആ പ്രഭാതം ലക്ഷക്കണക്കിന് കുഞ്ഞു സ്വപ്‌നങ്ങളുടെ പ്രതീക്ഷകളിൽ കറുത്തപാടുകൾ വീഴത്തിയ ദിനം കൂടിയായിരുന്നു. ഏറെ പ്രതീക്ഷകളോടെയായിരുന്നു അസാമിലെ വലിയൊരു ശതമാനം ജനതയും ആ പ്രഭാതത്തിൽ കാത്തിരുന്നത്. എന്നാൽ, 19,06,657 പേർ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായി എന്ന വാർത്തയാണ് ആദ്യം കേട്ടത്. തങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പലയിടത്തായി അവർ അന്വേഷിച്ചു. പട്ടികയിൽ പേരു തിരയാനായി എൻ ആർ സി കേന്ദ്രങ്ങൾക്ക് മുന്നിൽ ജനങ്ങളൊരുമിച്ച് വരി നിന്നു. പല കുടുംബങ്ങളും ഒന്നിച്ച് പുറത്തായി. ചില കുടുംബങ്ങൾ വെട്ടിമുറിക്കപ്പെട്ടു; ഗൃഹനാഥൻ പുറത്ത്, ഭാര്യ അകത്ത്, മക്കളിൽ ചിലർ പുറത്ത്. ഇത്തരം തരംതിരിക്കലിന് മുന്നിൽ ആ മനുഷ്യർ നിസ്സാഹായരായി നിന്നു. 19 ലക്ഷം പേരിൽ വലിയൊരു ശതമാനം കുഞ്ഞുങ്ങളും സ്ത്രീകളുമുണ്ട്. ഏറ്റവും നിസ്സഹായരായി ജീവിതത്തിലെ നിറങ്ങളെല്ലാം വാർന്നൊലിച്ച് ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് പോകേണ്ടിവരുമോയെന്ന് ആശങ്കപ്പെട്ടിരിക്കുകയാണവർ.

ഭാവിയെ കുറിച്ച് നിറസ്വപ്‌നങ്ങളോടെ സ്‌കൂളുകളിൽ പോയ്‌ക്കൊണ്ടിരുന്ന കുഞ്ഞുങ്ങളാണ് ഇപ്പോൾ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.
ഏറെ ക്രൂരമായ രീതിയിൽ എൻ ആർ സി കുഞ്ഞുങ്ങളെ വേട്ടയാടുന്നുണ്ട്. മാതാപിതാക്കളും കുടുംബത്തിലെ പലരും പട്ടികയിൽ ഉണ്ടായിരിക്കുമ്പോഴും ചില കുട്ടികൾ പുറത്താണ്. ജനന, സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മാതാപിതാക്കളുടെ പേരിലെ അക്ഷര പിശകകുൾ പോലും പൗരത്വം നിഷേധിക്കുന്നതിലേക്ക് നയിക്കുന്നു. ഇങ്ങനെ ഒരു ഇരയാണ് ബാരപേട്ട നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധാർഥ സാഹ എന്ന പത്ത് വയസ്സുകാരൻ. മാതാവും പിതാവും പട്ടികയിലുണ്ടെങ്കിലും സിദ്ധാർഥ പുറത്താണ്. ഗ്രാമത്തിന് തൊട്ടടുത്ത ക്രിസ്ത്യൻ മിഷനറി ഇംഗ്ലീഷ് മീഡിയത്തിലാണ് അവൻ പഠിക്കുന്നത്. എൻ ആർ സി അധികൃതർ ഹിയറിംഗിന് വിളിച്ചപ്പോൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അന്തിമ പട്ടികയിൽ സിദ്ധാർഥയുടെ പേരില്ല. അരി മില്ല് നടത്തുന്ന രക്ഷിതാക്കൾ അവസാന പ്രതീക്ഷയായി ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ്. കുട്ടികൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി രക്ഷിതാക്കളെ നഷ്ടപ്പെടുന്നുവെന്നതാണ്. പട്ടികയിൽ പേരുണ്ടെങ്കിലും മാതാപിതാക്കൾ പുറത്തായവർ നിരവധിയാണ്. ഇവർ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് പോകുന്നതോടെ കുഞ്ഞുങ്ങൾ അനാഥരാകും. കുട്ടികളെ എൻ ആർ സി ഈ രീതിയിൽ കൈകാര്യം ചെയ്യരുതെന്ന് വിവിധ സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലക്ഷക്കണക്കിന് കുട്ടികൾ നൂലുപൊട്ടിയ പട്ടം പോലെ പ്രതീക്ഷകൾ നഷ്ടപ്പെട്ട കാഴ്ചയാണ് അസാമിലുള്ളത്.

ഡിറ്റൻഷൻ ക്യാമ്പുകളിൽ
കുഞ്ഞുങ്ങൾക്കായി

നാസി ജർമനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധം അസാമിന്റെ വിവിധ ഭാഗങ്ങളിൽ പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാൻ ഡിറ്റൻഷൻ ക്യാമ്പുകൾ തയ്യാറായി വരുന്നുണ്ട്. നിലവിൽ ജയിലുകൾ ഡിറ്റൻഷൻ ക്യാമ്പായി പരിവർത്തിപ്പിച്ച ആറ് കേന്ദ്രങ്ങളുണ്ട്. പുറമെ, 3000 പേരെ താമസിപ്പിക്കാൻ കഴിയുന്ന പത്ത് ക്യാമ്പുകൾ തയ്യാറെടുത്തുവരികയാണ്. ഗോൽപാറ എന്ന സ്ഥലത്ത് ഇത്തരത്തിലൊരു ക്യാമ്പ് സർവ സജ്ജമായിട്ടുണ്ട്. ഒരുങ്ങുന്ന ഡിറ്റൻഷൻ ക്യാമ്പുകളിൽ കുട്ടികൾക്കായി സ്‌കൂളുകൾ തയ്യാറാകുന്നുണ്ട്. മൂവായിരം പേരെ താമസിപ്പിക്കുന്നതിനുള്ള ക്യാമ്പിൽ അവകാശങ്ങൾ ഉറപ്പാക്കുന്നുവെന്നു വരുത്തിത്തീർക്കാൻ മാത്രമുള്ള ചെറിയൊരു സംവിധാനമായിട്ടാണ് സ്‌കൂളുകൾ സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരാണ് ക്യാമ്പുകളിലേക്ക് വരാൻ പോകുന്നത്. അവരെ പാർപ്പിക്കാൻ പോലുമുള്ള സംവിധാനങ്ങൾ ഡിറ്റൻഷൻ സെന്ററുകളില്ല. പിന്നെയെങ്ങനെ സ്‌കൂളുകൾ പ്രവർത്തിക്കും? മാനവികമായി ഏറെ ക്രൂരമായിട്ടാണ് അസാം എൻ ആർ സിയും കുട്ടികളേയും സ്ത്രീകളേയും കൈകാര്യം ചെയ്യാൻ പോകുന്നത്.

ശാഫി കരുമ്പില്‍
• mskvalakkulam@gmail.com

Latest