Connect with us

Ongoing News

'കുരുന്നേ, നീയാണെന്റെ ഗുരു'

Published

|

Last Updated

മർകസ് കോംപ്ലക്‌സിൽ നിന്നും ശകലം വിട്ടുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ ചായ കുടിക്കുന്നവനായ നിലയിലാണ് ഞാനുള്ളത്. എനിക്കഭിമുഖമായി എന്നെ നിർബന്ധിച്ച് ചായക്കടയിൽ കയറ്റിച്ച ഉസ്താദിരിക്കുന്നു. ചായയും മസാലദോശയും മുന്നിലിരിക്കുന്നു.
തൊണ്ണൂറ്റിയഞ്ചിൽ ബിരുദമെടുത്ത് പുറത്തിറങ്ങിയ ആളാണ്. കോഴിക്കോട് ജില്ലക്കാരനാണെങ്കിലും നാളിതുവരെ ജോലി ചെയ്തത് കണ്ണൂർ ജില്ലയിലാണ്. എന്റെ ജില്ലയിൽ അദ്ദേഹം സേവനം ചെയ്ത ചില സ്ഥലങ്ങളുടെ പേര് പോലും ഞാനാദ്യമായാണ് കേൾക്കുന്നത്. സംഭവം നടന്നത് കൂത്തുപറമ്പിനും പൊയ്‌ലൂരിനും ഇടയിലുള്ള ഒരിടത്ത് ജോലി ചെയ്യവെയാണ്. കരളിലെ കീറായി അതിന്നും അദ്ദേഹത്തെ വേദനയോടെ വേട്ടയാടുന്നു.
താരീഖിൽ ഹുദൈബിയ്യ സന്ധിയെപ്പറ്റി മനോഹരമായി ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ കുട്ടികളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. പക്ഷെ, ഒരു കോന്തനുണ്ട്, ഇടക്കിടെ തൂങ്ങുന്നു. ക്ലാസിൽ ശ്രദ്ധിക്കാതെയുള്ള ഈ ആടിയാടിയുറക്കം അദ്ദേഹത്തിന് അരോചകമായി. കരാറിലെ വിശദാംശം കേട്ട് പൊട്ടിത്തെറിക്കുന്ന ഉമറി(റ)ന്റെ ആ ഭാഗം അവതരിപ്പിക്കുമ്പോൾ താടിക്കു കൈകൊടുത്ത് വാ പൊളിച്ച് ഒരു മാതിരി ലക്ഷണംകെട്ട് ഉറങ്ങുകയാണ് അവൻ. അരിശം കയറിയ അദ്ദേഹം “എന്താടാ, രാത്രി കവാത്തിന് പോക്കാ പണി”? എന്നും ചോദിച്ച് പ്‌ഠേ.. എന്ന് പൊട്ടിച്ചു കരണക്കുറ്റിക്ക്. അവൻ ഡെസ്‌കിലേക്ക് തലയടിച്ചു വീണു. പെൺകുട്ടികളെല്ലാം പൊട്ടിച്ചിരിച്ചു.

മദ്‌റസ വിട്ട് നാസ്ത കഴിച്ച് പത്രം വായിക്കുമ്പോഴാണ് അജ്മൽ വന്ന് വാതിൽക്കൽ നിൽക്കുന്നത്. ഉറക്കംതൂങ്ങി സകരിയ്യയുടെ അയൽവാസിയും സഹപാഠിയുമാണ് അജ്മൽ. “ഉസ്താദേ, സകരിയ്യന്റെ ഉമ്മാനെ ആസ്പത്രീന്ന് മടക്കി അയച്ചതാ. ഓനിന്നലെ രാത്രി ഒറങ്ങീട്ടേ ഇല്ല പോലും.” ഉസ്താദൊന്നു കാളി.
അജ്മലിനെ അടുത്തേക്കു വിളിച്ചു. കാര്യങ്ങൾ ചൂഴ്ന്നു തിരക്കി.
ഏഴ് കൊല്ലം മുമ്പ് സകരിയ്യയുടെ ഉമ്മാന്റെ വലത്തേ സ്തനത്തിൽ ഒരു ഉണില് വന്നു. കടുത്ത വേദനയായിരുന്നു. അത് മുഴയായി വളർന്നു. പഴുത്തുചോന്നു. ശ്രീചിത്തിര കാൻസർ സെന്ററിൽ നിന്ന് ആ അമ്മിഞ്ഞ അപ്പാടെ അരിഞ്ഞുമാറ്റി. പിന്നെ നല്ലതായിരുന്നു. സകരിയ്യക്ക് ഉപ്പയില്ല, അല്ല ഉണ്ട്. എവിടെയോ, എങ്ങാണ്ടോ, വേറെ പെണ്ണുകെട്ടി കുട്ടികളായി കഴിയുന്നു. ഉപ്പളയോ കുമ്പളയോ ഏതോ ഒരു കുളപളയിൽ.

ഒരു വിധം നന്നായി അങ്ങനെ ജീവിച്ചു പോരുന്നതിനിടെ, രണ്ട് കൊല്ലം മുമ്പ് ഇടത്തെ സ്തനത്തിലും ഉണിലു വന്നു. നേരിയ വേദനയുണ്ടെങ്കിലും കുറെകാലം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയി. പിന്നെപ്പിന്നെ തീരെ വേദനയില്ലാതെ അത് മാഞ്ഞുമറന്നുപോയി. ഉഷാറോടെ പണിക്കുപോകുകയും നന്നായി ജീവിച്ചുപോരുകയും ചെയ്തു. കല്യാണത്തിനും കുടികൂടലിനും വെപ്പുകാരുടെ കൂടെ ഉള്ളി അരിയാനും പാത്രം കഴുകാനും പോകുന്ന ഉദ്യോഗമാണ് ആ ഉമ്മാക്ക്.
പക്ഷേ, ഇക്കഴിഞ്ഞ മാസം ജോലിക്കു പോയിടത്തു നിന്ന് ഉമ്മ തലകറങ്ങി വീണു. പതിയെ പഴയ വേദന മൂർച്ചിച്ചു. ഇടത്തെ അമ്മിഞ്ഞ ചീർത്തു തിണർത്തു. ഡോക്ടർമാർ പറഞ്ഞത് മുറിച്ചുമാറ്റുകയല്ലാതെ വഴിയില്ലായെന്നാണ്. ഉമ്മയൊട്ടു സമ്മതിക്കുന്നുമില്ല. കഴിഞ്ഞയൊരാഴ്ചയായി ജീവിതത്തിനും മരണത്തിനുമിടയിലാണ് അവരുള്ളത്. കോഴിക്കോട് മിംസിൽ നിന്ന് മിനിയാന്ന് തിരിച്ചയച്ചു. ഇപ്പോൾ വെള്ളം തൊട്ടുകൊടുക്കുന്നു. കണ്ണുകൾ തുറന്നുപിടിച്ച്. തൊണ്ടയിൽ കറകറേ ഒച്ച. രാത്രി പുലരുവോളം ഉമ്മാന്റെ ചാരത്തിരുന്ന് കൈതടവിക്കൊടുത്ത് എന്തൊക്കെയോ ഓതിയും ചൊല്ലിയുമാണ് സകരിയ്യ നേരം വെളുപ്പിച്ചത്.
ഇന്ന് മദ്‌റസയിൽ പോകണ്ടാന്ന് ഉമ്മാമ്മയും അയൽവാസികളും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ മുഹമ്മദലി ഉസ്താദിന്റെ ക്ലാസ് സകരിയ്യക്ക് അത്ര ഇഷ്ടമാണ്. അതുകൊണ്ടാണ് ആവാഞ്ഞിട്ടും വന്നത്. പക്ഷേ, അറിയാതെ ഉറങ്ങിപ്പോയി. കണക്കിന് കിട്ടുകയും ചെയ്തു. ഉറപ്പാണ്, ഉറങ്ങിയത് തെറ്റ് തന്നെയാണ്.
ഉള്ളുവെന്ത ഉസ്താദ് അജ്മലിനേയും കൂട്ടി സകരിയ്യയുടെ വീടുപിടിച്ചു. നോക്കുമ്പോൾ മഹല്ലിലെ മറുതലയിൽ കിടക്കുന്ന ഒരു തോറോബോറയിലാണ് വീട്. കശുവണ്ടിക്കാടിന്റെ ഓരം ചേർന്ന് ഏറെ നടക്കണം. തൊട്ടടുത്തുള്ള ഒരു കുടിലൊഴിച്ചാൽ അഞ്ചാറ് അയൽവാസികൾ അമുസ്‌ലിം സഹോദരങ്ങളാണ്. അധികവും കള്ളുവാറ്റ് പണിക്കാരാണ്. അവരാണ് ഒത്താശകൾക്ക് കുടെയുള്ളത്. സകറാതുൽ മൗത്തിന്റെ ഇടിയും മിന്നും പ്രകമ്പിക്കുന്ന വീട്. സന്ദർശകർ അധികമുണ്ട്. സകരി അരികെയിരുന്ന് കൈതടവുന്നു.
ഉസ്താദിനെ കണ്ടതും സകരി എണീറ്റു വന്നു. മുഖത്ത് കുറ്റബോധം കരുവാളിച്ചു. താൻ ചെയ്തതോർത്ത് മുഖം കുനിഞ്ഞു. “ഉസ്താദേ, എന്റെയുമ്മ ഈ അവസ്ഥയിലായതുകൊണ്ട് അന്തിക്കൊരിമ കണ്ണുചിമ്മാനായിട്ടില്ല, ആയതിനാൽ, അറിയാതെ ഉറങ്ങിപ്പോയതാ, ഉസ്താദ് പൊരുത്തപ്പെടണേ” എന്ന വിലാപാത്മക യാചന മുഖത്ത് പരന്നു.
ഉസ്താദിന്റെ കവിൾ നനഞ്ഞു. സകരിയെ കൂട്ടിപ്പിടിച്ച് തലയിൽ ചുംബിച്ചു.

“സകരീ, നീയാണെന്റെ ഗുരു. പഠിക്കാൻ വന്ന് മുന്നിലിരിക്കുന്നവരിൽ നിന്നെപ്പോലെയുള്ളവരുമുണ്ടാകുമെന്ന് ആദ്യമായി എന്നെ പഠിപ്പിച്ചത് നീയാണ്. ക്ഷമിക്കണം സകരീ, നീയെനിക്ക് നൽകിയ മഹാപാഠം എന്റെ ജീവിതത്തിലെ വഴിത്തിരിവാകും. ഞാനീ ജന്മത്തിൽ ഒരു സകരിയെയും അവന്റെ ഉൾനോവു മനസ്സിലാക്കാതെ ശകാരിക്കുകയോ അടിക്കുകയോ ഇല്ല.” ഇതായിരുന്നു ആ ഉസ്താദിന്റെ കണ്ണിൽ നിന്ന് ആ ശിഷ്യന്റെ തലയിലൂടെ ഊർന്നിറങ്ങിയ ഉപ്പുവെള്ളത്തുള്ളികളുടെ മലയാള പരിഭാഷ!
ഉരുളക്കിഴങ്ങിനിടയിൽ ഒളിഞ്ഞുകിടന്ന ഒരു പച്ചമുളക് കടിച്ചുപോകയാൽ എനിക്ക് തീക്ഷ്ണമായി എരിഞ്ഞു. എരിവൊട്ടും അടുപ്പിച്ചു കൂടാത്ത ഉദരാന്തര അന്തരീക്ഷത്തിലേക്ക് തള്ളിക്കയറിയ ആ മുളകുകടി എന്റെ കണ്ണിനെയും നനച്ചു. നല്ല കടുപ്പമുള്ള പാൽച്ചായയുടെ അവസാന സിപ്പ് രുചിച്ചിറക്കി ഞങ്ങൾ ഹോട്ടൽ വിടുമ്പോൾ ഞാനെന്റെ പോയകാല ക്ലാസെടുപ്പിനിടയിൽ ഏതെങ്കിലും “സകരി സംഭവം” വന്നുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. നിങ്ങൾക്കും ആവാമത്. നമ്മുടെ അശ്രദ്ധ കൊണ്ടോ, മുൻവിധി കൊണ്ടോ, ധാരണപ്പിശക് കൊണ്ടോ നമ്മുടെ മുന്നിൽ പഠിപ്പിനിരിക്കുന്ന ഏതെങ്കിലും കുട്ടിയുടെ മുത്തുമാണിക്യമാകുന്ന ഖൽബിൽ അരുതാവേദനിപ്പിക്കലിന്റെ ചോരക്കറ പടർത്തിയിട്ടുണ്ടോ എന്ന് ഉറങ്ങാൻ കിടക്കും നേരം നല്ലോണം ആലോചിക്കണം. “ഓന്റെ ഉമ്മ മരണക്കിടക്കയിലായിരുന്നു, ഉസ്താദേ” എന്ന് പറഞ്ഞ് വാതിൽപ്പടി കടന്നുവരാൻ എപ്പോഴും അജ്മലുമാർ ഉണ്ടാവണമെന്നില്ലല്ലോ, അല്ലേ?

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com