അതിജീവനോണം

Posted on: September 9, 2019 6:20 pm | Last updated: September 9, 2019 at 7:19 pm

നൂറ്റാണ്ടിലെ മഹാ പ്രളയം ഏൽപ്പിച്ച മുറിവുകൾ പത്തനംതിട്ടയുടെ മണ്ണിലും മനസ്സിലും ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല. തകർന്നടിഞ്ഞ റാന്നിയും ആറൻമുളയും കോഴഞ്ചേരിയും പഴയ പ്രൗഢിയിലേക്കെത്തിയിട്ടില്ല. ഭ്രാന്തമായല്ലെങ്കിലും ഇടക്കിടെ പെയ്യുന്ന മഴയും മുന്നറിയിപ്പും ഒപ്പം, അച്ചൻകോവിലാറും പമ്പയും കല്ലാറും കക്കാട്ടാറും മണിമലയാറും പത്തനംതിട്ടയെ ഭീതിപ്പെടുത്തുന്നുണ്ട്. മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോഴും പത്തനംതിട്ടയിൽ വെള്ളം വിഴുങ്ങിയ വീടുകളുടെ നേർത്ത വിലാപങ്ങൾ കേൾക്കാം. നേർത്തും കനത്തും പെയ്യുന്ന മഴയെ പേടിയോടെയാണ് ജനങ്ങൾ കാണുന്നത്. സൂചന പോലെ ചെറു ജലസംഭരണികൾ നിറഞ്ഞൊഴുകുന്നു. എങ്കിലും തിരിച്ചുവരുന്നുണ്ട് പ്രളയം മുക്കിയ പ്രദേശങ്ങൾ. ഈ വർഷം അവർക്ക് അതിജീവനത്തിന്റെ ഓണമാണ്. ദുരന്തങ്ങളെ മനഃശക്തി കൊണ്ട് നേരിടുന്ന ഒരു ജനതയുടെ ആഘോഷമാണിത്.

ദുരന്തത്തിന്റെ അലാറം മുഴങ്ങിയ ആ രാത്രി

പ്രളയത്തിന്റെ രൂക്ഷത ഏറ്റവുമധികം അനുഭവിച്ച പ്രദേശമാണ് പത്തനംതിട്ട ജില്ല. പമ്പയും അച്ചൻകോവിലും മണിമലയും കരകവിഞ്ഞ് ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നാശം വിതച്ചു. ഇതിനൊപ്പം ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങളും വേട്ടയാടി. 23 ജീവനുകളാണ് അന്നത്തെ പ്രളയത്തിൽ ഒലിച്ചുപോയത്. 53 ഗ്രാമപഞ്ചായത്തുകളിൽ 46ലും പ്രളയദുരിതങ്ങളുണ്ടായി. നാല് നഗരസഭാ പ്രദേശങ്ങളും കെടുതികൾ അനുഭവിച്ചു. മൊത്തം 1810 കോടിയുടെ നഷ്ടം ജില്ലക്കുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി നിലയമായ ശബരിഗിരിയുടെ പമ്പ, ആനത്തോട് സംഭരണികൾ നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുക്കിയതോടെയാണ് പമ്പയുടെ തീരങ്ങൾ മുങ്ങിയത്. 2018 ആഗസ്റ്റ് ഒമ്പതിന് പമ്പ, ആനത്തോട് സംഭരണികൾ ആദ്യം തുറന്നു. പിന്നീട് ഷട്ടറുകൾ അടക്കുകയും ഭാഗികമായി തുറക്കുകയുമൊക്കെ ചെയ്‌തെങ്കിലും ആഗസ്റ്റ് 14ന് പിടിച്ചുനിൽക്കാനായില്ല. അന്ന് രാവിലെ മുതൽ വെള്ളം ഇരച്ചെത്തിയപ്പോൾ ഷട്ടറുകൾ ഓരോന്നായി കൂടുതൽ ഉയരത്തിലേക്ക് തുറന്നുകൊണ്ടേയിരുന്നു. രാത്രിയായതോടെ ഇത് പാരമ്യത്തിലെത്തി. 14ന് രാത്രിയോടെ റാന്നി, പമ്പാവാലി, വടശേരിക്കര, അയിരൂർ, ആറന്മുള, കോഴഞ്ചേരി, ആറാട്ടുപുഴ തുടങ്ങി പമ്പയുടെ തീരങ്ങൾ പൂർണമായി മുങ്ങി.

കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പ്രളയജലം ഒഴുകിയെത്തി. ഉറങ്ങിക്കിടന്നവർ കട്ടിലിൽ നിന്ന് കാലെടുത്ത് കുത്തിയത് വെള്ളത്തിലേക്കായിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ ജീവന് വേണ്ടിയുള്ള മുറവിളിയാണ് മണിക്കൂറുകളോളം കേട്ടത്. സർക്കാർ സംവിധാനത്തോടൊപ്പം കേരളത്തിന്റെ സൈന്യമെന്ന ഖ്യാതി നേടിയ മത്സ്യത്തൊഴിലാളികളാണ് പലരെയും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പ്രളയജലം ഇറങ്ങിയപ്പോഴും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കുന്നതിന് വലിയ ശ്രമം വേണ്ടിവന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സന്നദ്ധസേവകരുടെ വലിയ പങ്കാളിത്തം ശുചീകരണത്തിനും പുനർനിർമാണത്തിനുമുണ്ടായി. ശബരിമല പമ്പ പൂർണമായി ഇല്ലാതായി. കഴിഞ്ഞ തീർഥാടന കാലത്ത് പമ്പയിലെ ഇടത്താവളം വേണ്ടെന്നുെവച്ചു. താത്കാലിക സംവിധാനങ്ങളിലൂടെയാണ് പ്രളയം തകർത്ത പമ്പയിലൂടെ അയ്യപ്പഭക്തർ സന്നിധാനത്തേക്ക് നീങ്ങിയത്.
ദിവസങ്ങൾക്കകം വെള്ളം വലിഞ്ഞെങ്കിലും, പ്രളയത്തിന്റെ രൂക്ഷത അറിഞ്ഞവരിൽ നിരവധി പേരെ ദുരിതം പൂർണമായി വിട്ടുപോയിട്ടില്ല. ജില്ലയിൽ 51808 പേർക്കാണ് പ്രളയബാധിതരെന്ന പരിഗണനയിൽ 10,000 രൂപയുടെ അടിയന്തര സഹായം നൽകിയത്. രണ്ട് ദിവസമെങ്കിലും വെള്ളം കയറിക്കിടന്ന് ദുരിതം അനുഭവിച്ചതും ഉരുൾപൊട്ടലിൽ നാശനഷ്ടം ഉണ്ടായതുമായ കുടുംബങ്ങൾക്കാണ് സഹായം ചെയ്തത്. ഈയിനത്തിൽ 51.8 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 543 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. മുപ്പത്തയ്യായിരത്തിലേറെ കുടുംബങ്ങളിൽ നിന്ന് 1.33 ലക്ഷം പേർ ക്യാമ്പുകളിൽ താമസിച്ചു. കഴിഞ്ഞ ജനുവരി 31 വരെ ലഭിച്ച അപേക്ഷകളിൽ 615 വീടുകൾ പ്രളയക്കെടുതിയിൽ പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. സർക്കാർ കണക്കുകളിൽ 327 വീടുകളാണ് പുനർനിർമാണം പൂർത്തിയായത്.

ഇവയിലേറെയും വിവിധ സന്നദ്ധസംഘടനകളും സ്‌പോൺസർമാരും പൂർത്തീകരിച്ചവയാണ്. കടപ്രയിൽ പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന വീടുകളുടെ നിർമാണമാണ് ഫോമയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചത്. സർക്കാർ കണക്കിൽ പോലും പെടാത്ത നിരവധി വീടുകൾ വിവിധ സന്നദ്ധസംഘടനകൾ, സഭാ സ്ഥാപനങ്ങൾ എന്നിവ പുനർനിർമിച്ചു നൽകി. 18372 വീടുകളെ 15 മുതൽ 75 ശതമാനം വരെ നാശനഷ്ടത്തിന്റെ പരിധിയിൽപെടുത്തിയിട്ടുണ്ട്. ഇവയിൽ നല്ലൊരു പങ്കും പൂർണ തകർച്ചയുടെ വക്കിൽ നിൽക്കുന്നവയാണ്. അടുത്തൊരു പ്രളയത്തെ അതിജീവിക്കാനുള്ള ശേഷി ഇത്തരം വീടുകൾക്കില്ല. വീടുകളുടെ നഷ്ടവുമായി ബന്ധപ്പെട്ട് 63.25 കോടി നൽകിയിട്ടുണ്ട്. സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 114 വീടുകൾ നിർമിച്ചുനൽകാനായി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കിണർ, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമാർജന സൗകര്യങ്ങൾ, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനൊപ്പം ഒരുക്കിയിട്ടുണ്ട്.

ആറന്മുള കണ്ണാടിയിലെ തിരിച്ചുവരവിന്റെ
പ്രതിബിംബം

വിശ്വപ്രസിദ്ധമായ ആറന്മുള കണ്ണാടി നിർമാണ മേഖലക്ക് മഹാപ്രളയം വൻനഷ്ടമാണ് ഉണ്ടാക്കിയത്. നിർമാണത്തിലിരുന്നതും പൂർത്തിയായതുമായ കണ്ണാടികൾ പ്രളയമെടുത്തു. നിർമാണ മേഖലയിൽ ഉണ്ടായിരുന്നവരെയെല്ലാം പ്രളയം സാരമായി ബാധിച്ചു. ആറന്മുളയുടെ തനത് സാംസ്‌കാരിക സമ്പത്തായ കണ്ണാടിക്കുണ്ടായ നഷ്ടത്തിന് പൂർണ പരിഹാരമുണ്ടായിട്ടില്ല. എന്നാൽ, പമ്പാ നദീതടത്തിൽ അപൂർവമായ ശേഖരങ്ങൾ, ഫോസിലുകൾ എന്നിവ പ്രളയത്തിന് ശേഷം കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടിൽ പാലത്തിന് സമീപത്ത് നിന്നാണ് പുരാശില്പങ്ങൾ കണ്ടെത്തിയത്. ഇതിന്റെ കാലപ്പഴക്കം നിർണയിക്കാനായിട്ടില്ല. ചരിത്ര പ്രാധാന്യമുള്ള ശില്പങ്ങൾ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്.

2836.8 ഹെക്ടറിലാണ് കാർഷികനഷ്ടം ഉണ്ടായത്. കാർഷിക പുനരുജ്ജീവനത്തിന് 6.55 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ 22.6 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 4587 കന്നുകാലി കർഷകർക്ക് ദുരിതാശ്വാസ സഹായം എത്തിച്ചു. എയ്ഡഡ് വിദ്യാലയങ്ങൾക്കടക്കം ഉണ്ടായ നഷ്ടങ്ങൾക്കും പരിഹാരമായില്ല. പ്രളയം വ്യാപാരികൾക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. വാഹനങ്ങൾക്കുണ്ടായ നഷ്ടത്തിനും ഇൻഷ്വറൻസ് പരിധിയിൽ പെട്ടവർക്കും മാത്രം സഹായം ലഭിച്ചു. ഓണത്തിന് മുന്നോടിയായി സ്‌റ്റോക്ക് ചെയ്തതിനാൽ അപ്രതീക്ഷിത വെള്ളപ്പൊക്കം നഷ്ടം ഇരട്ടിപ്പിച്ചു. വീണ്ടെടുക്കാനൊന്നുമില്ലാതെ പലരും തകർന്നു. പ്രളയത്തിന് ശേഷം വ്യാപാരസ്ഥാപനങ്ങൾ തന്നെ തുറക്കാത്തവർ നിരവധി. റാന്നിയിലെ വ്യാപാരി എബി സ്റ്റീഫന്റെ ഏഴ് സ്ഥാപനങ്ങളിൽ ആറിലും വെള്ളം കയറി നശിച്ചു. ഇതോടൊപ്പം വീട്ടിലും വെള്ളം കയറി. ഒരു വർഷത്തിനുള്ളിൽ രണ്ട് സ്ഥാപനം മാത്രമാണ് എബിക്ക് തുറക്കാനായത്. നഷ്ടപരിഹാരമായി വ്യാപാരികൾക്ക് യാതൊന്നും ലഭിച്ചില്ല. പകരം ബേങ്കുകളുടെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ വായ്പ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, ഇതിലെ നൂലാമാലകൾ വ്യാപാരികളെ വലച്ചതായി പരാതിയുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബേങ്കുകൾ മുഖേന 184 അപേക്ഷകർക്ക് 11.83 കോടി ഉജ്ജീവന വായ്പ നൽകിയിട്ടുണ്ട്. പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് അവരുടെ ഉപജീവന മാർഗങ്ങൾ ബേങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് ഉജ്ജീവന വായ്പാ പദ്ധതി സഹായിച്ചുവെന്ന് അധികൃതർ പറയുന്നു.

ജലവൈദ്യുത പദ്ധതികളുടെ നാടായ പത്തനംതിട്ടയിൽ പ്രളയം നാല് നിലയങ്ങളെയാണ് തകർത്തത്. ഇതിൽ രണ്ടെണ്ണം സ്വകാര്യ മേഖലയിലായിരുന്നു. ഇവ രണ്ടും പ്രവർത്തനക്ഷമമായി. ഏറ്റവുമധികം നഷ്ടം അള്ളുങ്കലിലെ സ്വകാര്യ നിലയത്തിനായിരുന്നു. എട്ട് മാസത്തിനുള്ളിൽ അവ പ്രവർത്തനസജ്ജമായി. മണിയാറിലെ കാർബോറാണ്ടം നിലയവും പ്രവർത്തനസജ്ജമായി. കെ എസ് ഇ ബിയുടെ പെരുനാട്, പെരുന്തേനരുവി നിലയങ്ങളിൽ ഉത്പാദനം ആരംഭിച്ചിട്ടില്ല. പെരുനാട് പദ്ധതിയുടെ പവർഹൗസും മെഷീനുകളും പൂർണമായി വെള്ളം കയറി നശിച്ചിരുന്നു. പെരുന്തേനരുവി പദ്ധതിയുടെ സംഭരണിയിൽ മണൽ അടിഞ്ഞ് ശേഷി കുറഞ്ഞു. ജലസേചന വകുപ്പിന്റെ മണിയാർ സംഭരണി ആഗസ്റ്റ് 15ന് ഉച്ചയോടെ കവിഞ്ഞൊഴുകുകയാണുണ്ടായത്. രണ്ട് ഷട്ടറുകൾ തകർന്നു. സംരക്ഷണഭിത്തിയും വെള്ളമെടുത്തു. പുനർനിർമാണം ഭാഗികമായി നടത്തി, കനാൽ വഴി വെള്ളം ഒഴുക്കിവിട്ടു. ഇങ്ങനെ പരാതികളും പരിമിതികളും ഏറെയുണ്ടെങ്കിലും പടിപടിയായി ജീവിതം തിരിച്ചുപിടിക്കുകയാണ് പത്തനംതിട്ടക്കാർ.
.