കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു; യു ഡി എഫ് ഉപ സമിതി ചര്‍ച്ച മാറ്റിവച്ചു

Posted on: September 9, 2019 5:28 pm | Last updated: September 9, 2019 at 8:15 pm

കോട്ടയം: പാലാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷാവസ്ഥ തുടരുന്നു. ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യു ഡി എഫ് ഉപ സമിതി ഇന്ന് വൈകീട്ട് വിളിച്ചിരുന്ന ചര്‍ച്ച മാറ്റിവച്ചു. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ചര്‍ച്ചക്കെത്താന്‍ അസൗകര്യമറിയിച്ചതിനെ തുടര്‍ന്നാണിത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് ചര്‍ച്ച നടത്താനാണ് യു ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

കണ്‍വീനറുടെ അസാന്നിധ്യത്തില്‍ ചര്‍ച്ച വേണ്ടെന്നാണ് ജോസഫ് വിഭാഗം മുന്നണി നേതൃത്വത്തെ അറിയിച്ചത്.
സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിനാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുള്ള പ്രചാരണത്തിന് ഇല്ലെന്ന തീരുമാനത്തില്‍ ജോസഫ് വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി ജോസഫ് സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു.