അമ്പത്‌ പുതിയ പഞ്ചായത്തുകൾ വരുന്നു

Posted on: September 9, 2019 4:09 pm | Last updated: September 9, 2019 at 4:09 pm


കോഴിക്കോട്: 2011ലെ സെൻസസിനെ ആസ്പദമാക്കി സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകൾ വിഭജിക്കാൻ സർക്കാർ തലത്തിൽ ധാരണയായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ വിഭജിക്കുന്നതിന്റെ മുന്നോടിയായി ഇത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ സർക്കാർ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ഗ്രാമപഞ്ചായത്തുകളെ വിഭജിക്കുകയോ അതിർത്തി പുനർനിർണയിക്കുകയോ ചെയ്യുന്നത്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദേശം നൽകി. വിഭജിക്കേണ്ട ഗ്രാമപഞ്ചായത്ത്, പുതിയ പഞ്ചായത്തിന്റെ പേര്, പുതിയ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം, അതിർത്തികൾ എന്നിവ ഉൾക്കൊള്ളുന്ന വിവരങ്ങൾ ഈ മാസം 20ന് മുമ്പ് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാർ നിയമിച്ച കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കാൻ കഴിയുന്ന പുതിയ ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തി പുനർനിർണയിക്കേണ്ട ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളുടെയും സാധ്യതാ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ജനസംഖ്യക്ക് പുറമെ ഭൂ വിസ്തൃതി, വരുമാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രാദേശിക വികസന വിഷയങ്ങൾ, ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യം, വികസനത്തിലെ അസന്തുലിതാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഗ്രാമപഞ്ചായത്തുകളുടെ വിഭജനം നടപ്പിലാക്കുക. ശരാശരി ജനസംഖ്യയായ 27, 430 ൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങൾ വേർപ്പെടുത്തി പുതിയ ഗ്രാമപഞ്ചായത്ത് രൂപവത്കരിക്കുകയോ ചെയ്യും. ഭരണഘടന പ്രകാരം ഗ്രാമപഞ്ചായത്തുകൾ വലിപ്പത്തിലും ജനസംഖ്യയിലും തുല്യത പുലർത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യയായ 27,430 ൽ അധികരിച്ചുള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിക്കുന്നത്. ഈ എണ്ണത്തിലധികം കൂടുതൽ ജനസംഖ്യയുള്ള ധാരാളം പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉള്ളതായി സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. പല പഞ്ചായത്തുകളിലും 50,000ത്തിലധികം ജനസംഖ്യയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 32 ച. കി. മീ, 50 ലക്ഷം രൂപയിൽ അധികം വരുമാനം എന്നിവയും ഗ്രാമപഞ്ചായത്തുകൾ വിഭജിക്കാൻ മാനദണ്ഡമായെടുക്കാവുന്നതാണെന്നും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ പ്രാവർത്തികമാക്കി പുനർ നിർണയം നടപ്പാക്കുമ്പോൾ സംസ്ഥാനത്ത് 50തിലധികം പുതിയ പഞ്ചായത്തുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ കരുതുന്നത്. നിലവിൽ സംസ്ഥാനത്ത് ആറ് കോർപറേഷനുകളും 87 മുൻസിപ്പാലിറ്റികളും 14 ജില്ലാ പഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പുനർനിർണയിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് പരിഗണിച്ച് ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി പുനർനിർണയിക്കും. ഗ്രാമപഞ്ചായത്തുകളെ കേരള മുൻസിപ്പാലിറ്റി ആക്ട് പ്രകാരം ടൗൺ പഞ്ചായത്തുകളാക്കി മാറ്റുന്നത് നിലവിലെ സാഹചര്യത്തിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ടൗൺ പഞ്ചായത്തുകൾ രൂപവത്കരിക്കേണ്ടതില്ലെന്നാണ് തീരുമാനം.

ടൗൺ പഞ്ചായത്തുകൾ രൂപവത്കരിക്കുന്നത് വികസനത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും തനത് വരുമാനത്തെ മാത്രമല്ല, ദൈനംദിന പ്രവർത്തനങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത സാഹച്യമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തി അവസാനമായി പുനഃസംഘടിപ്പിച്ചത് 2015ലാണ്. ഈ കാലയളവിൽ 36 ഗ്രാമപഞ്ചായത്തുകളെ കോർപറേഷനുകളിലേക്ക് കൂട്ടിച്ചേർക്കുകയോ പുതിയ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയോ ചെയ്തിരുന്നു. ഇതേ തുടർന്ന് 36 ഗ്രാമപഞ്ചായത്തുകൾ ഇല്ലാതാകുകയും പുതുതായി 28 മുൻസിപ്പാലിറ്റികൾ രൂപവത്കരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം കണ്ണൂർ മുൻസിപ്പാലിറ്റിയെ കോർപറേഷനായി ഉയർത്തുകയും ചെയ്തിരുന്നു. നിലവിലുള്ള ഗ്രാമപഞ്ചായത്തുകളെ മുൻസിപ്പാലിറ്റികളോ നിലവിലുള്ള മുൻസിപ്പാലിറ്റികളെ കോർപറേഷനുകളോ ആക്കി മാറ്റേണ്ടെന്നാണ് തീരുമാനം. ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് സർക്കാർ കരുതുന്നത്. പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങൾ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കമ്മീഷന്റെ ഡിലിമിറ്റേഷൻ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കുക.