Connect with us

International

ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ നടപടി; യു എസ് സൈനികരുടെ ജീവനും സ്വത്തിനും വന്‍ നഷ്ടമേല്‍പ്പിക്കുമെന്ന് താലിബാന്‍

Published

|

Last Updated

കാബൂള്‍: താലിബാന്‍ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അമേരിക്കക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭീഷണിയുമായി സംഘടനയുടെ വക്താവ് സബീഹുല്ല മുജാഹിദ്. അഫ്ഗാനിലെ യു എസ് സൈനികരുടെ ജീവനും സ്വത്തിനും വന്‍ നഷ്ടമേല്‍പ്പിക്കും.
കഴിഞ്ഞ ദിവസം കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയത്. താലിബാന്‍ നേതാക്കളുമായും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുമായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേകം ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ആക്രമണമുണ്ടായത്.

20 ആഴ്ചക്കുള്ളില്‍ 5400 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്നും യു എസും പകരം ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും താലിബാനും ഉറപ്പു നല്‍കുന്നതായിരുന്നു നേരത്തെയുള്ള സമാധാന കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000 ത്തോളം സൈനികരാണുള്ളത്. ഒമ്പത് റൗണ്ട് ചര്‍ച്ചകളാണ് അമേരിക്കയും താലിബാനും തമ്മില്‍ നടന്നിട്ടുള്ളത്. എന്നാല്‍, സൈനികരെ പിന്‍വലിക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താലിബാനുമായി ചര്‍ച്ച നടത്തുന്നതും ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നതും.