സിഗ്നലുകള്‍ തടയുന്നത് ചന്ദ്രോപരിതലത്തിലെ തടസ്സങ്ങളായിരിക്കാമെന്ന് ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തിന്റെ ഡയരക്ടര്‍

Posted on: September 9, 2019 12:37 pm | Last updated: September 9, 2019 at 1:38 pm

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ തടസ്സങ്ങളാണ് ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കരുതുന്നതായി ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ ഒന്നിന്റെ ഡയരക്ടര്‍ മൈലസ്വാമി അണ്ണാദുരൈ. ലാന്‍ഡറിന്റെ സ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലാന്‍ഡര്‍ എത്തിപ്പെട്ട സ്ഥലം സോഫ്റ്റ് ലാന്‍ഡിംഗിന് അനുയോജ്യമല്ലെന്നു വേണം കരുതാന്‍. എന്തോ ചില പ്രതിബന്ധങ്ങള്‍ ലാന്‍ഡറുമായുള്ള ആശയ വിനിമയ ബന്ധം പുനസ്ഥാപിക്കുന്നത് തടയുന്നതായാണ് സംശയിക്കുന്നത്. അണ്ണാദുരൈ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

സോഫ്റ്റ് ലാന്‍ഡിംഗിന് മിനുട്ടുകള്‍ക്കു മുമ്പാണ് ലാന്‍ഡറുമായുള്ള ആശയ വിനിമയ ബന്ധം ഐ എസ് ആര്‍ ഒ കേന്ദ്രത്തിന് നഷ്ടമായത്. ഓര്‍ബിറ്ററിലെ ഓണ്‍ബോര്‍ഡ് കാമറ പകര്‍ത്തിയ ലാന്‍ഡറിന്റെ തെര്‍മര്‍ ചിത്രം ഐ എസ് ആര്‍ ഒക്ക് പിന്നീട് ലഭിച്ചിരുന്നു. ഇതുവരെയുള്ള ചാന്ദ്ര ദൗത്യങ്ങളില്‍ വച്ചേറ്റവും കൂടുതല്‍ റസല്യൂഷനുള്ള കാമറയാണ് ഓര്‍ബിറ്ററിലുള്ളത്. ചന്ദ്രനില്‍ നിന്നും നൂറു കിലോമീറ്റര്‍ ഉയരത്തിലാണ് ഓര്‍ബിറ്റര്‍ വലംവെച്ചു കൊണ്ടിരിക്കുന്നത്.

ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ബന്ധപ്പെടാന്‍ രണ്ടു വഴിയിലൂടെയുള്ള വിനിമയ സംവിധാനങ്ങളുണ്ടെങ്കിലും ഒരു വഴിയിലൂടെ മാത്രമെ ആശയ വിനിമയം പുനസ്ഥാപിക്കുന്നതിന് ശ്രമിക്കാനാകൂ. പുനസ്ഥാപിച്ചാല്‍ തന്നെ അഞ്ചോ പത്തോ മിനുട്ടില്‍ കൂടുതല്‍ നീളാനും സാധ്യതയില്ലെന്ന് അണ്ണാദുരൈ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ 90-95 ശതമാനം ലക്ഷ്യവും പൂര്‍ത്തീകരിച്ചതായും അത് ചാന്ദ്ര ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കുമെന്നും ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ പറഞ്ഞു. ലാന്‍ഡറുമായി ബന്ധപ്പെടുന്നതിന് 14 ദിവസത്തോളം ശ്രമം നടത്തുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഒരു ചാന്ദ്ര ദിനത്തിന്റെ (14 ഭൗമ ദിനങ്ങള്‍) ആയുസ്സാണ് വിക്രം ലാന്‍ഡറിനുള്ളത്.