ഹരിയാനയില്‍ പള്ളി ഇമാമിനേയും ഭാര്യയേയും വെട്ടിക്കൊന്നു

Posted on: September 9, 2019 12:41 pm | Last updated: September 9, 2019 at 4:16 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപതില്‍ ഭാഗികമായി കാഴ്ചയില്ലാത്ത ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും പള്ളിയോട് ചേര്‍ന്ന മുറിയിലിട്ട് വെട്ടിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍വെച്ച് വിവാഹിതരമായ പാനിപറ്റ് മൊഹാലി സ്വദേശിയും പള്ളി ഇമാമുമായ മുഹമ്മദ് ഇര്‍ഫാന്‍ (38), ഭാര്യ യാസ്മിന്‍ (മീന-25) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാംഘ സംഘമാണ് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലെ സോനിപതി ഗന്നൂര്‍ താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തെ ഇല്ലാതാക്കിയത്. ഇന്നലെ ഇശാ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷമാണ് ഇര്‍ഫാന്‍ റൂമിലേക്ക് മടങ്ങിയത്. പുലര്‍ച്ചെയുള്ള സുബ്ഹി നിസ്‌കാരത്തിന് കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഇമാമിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടത്.

മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ടാണ് വെട്ടേറ്റത്. ഇമാമിനും കുടുംബത്തിനും നാട്ടില്‍ ആരുമായും ശത്രുതയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരുടെ വിവരങ്ങള്‍ നാട്ടുകാരും പള്ളി ഭാരവാഹികളും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇവരെ ചോദ്യംചെയ്ത ശേഷം സ്മ്മര്‍ദത്തെ തുടര്‍ന്ന് വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ പരാതിപ്പെട്ട നാല് പേരുടെയും പേര് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ അജ്ഞാതരായ കൊലപാതകികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്ഥലം ഡി വൈ എസ് പി ജിതേന്ദ്രര്‍ സിംഗ് പറഞ്ഞതു. പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.