International
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി

അജ്മാന്‍: ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷനും എന്‍ ഡി എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. ഇതോടെ ജാമ്യത്തിനായി കണ്ടുകെട്ടിയിരുന്ന തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി തിരിച്ചു നല്‍കി. തെളിവുകളുടെ അഭാവത്തിലാണ് ഇന്ന് ഉച്ചയോടെ കോടതി കേസ് തള്ളിയത്. പരാതിക്കാരനായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വാദം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് കേസ് തള്ളിയത്.
നാട്ടിലേക്ക് തുഷാര്‍ പോകുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും നേരത്തെ കോടതി തള്ളിയിരുന്നു. വൈകുന്നേരം നാല് മണിക്ക് തുഷാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടെ കമ്പനി.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ല നല്‍കിയ ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിസിനസ് പങ്കാളിക്ക് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം (19 കോടി രൂപ) വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു കേസ്. ആഗസ്റ്റ് 21ന് രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.