ബ്രെക്‌സിറ്റ്: ബ്രിട്ടീഷ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം അമ്പര്‍ റഡ്ഡ് രാജിവച്ചു

Posted on: September 8, 2019 8:22 am | Last updated: September 8, 2019 at 12:12 pm

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രിസഭയില്‍ നിന്ന് ഒരു രാജി കൂടി. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം അമ്പര്‍ റഡ്ഡ് ആണ് രാജിവച്ചത്. 21 കണ്‍സര്‍വേറ്റീവ് എം പിമാരെ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും രാജിവച്ച് കണ്‍സര്‍വേറ്റീസ് വിപ്പിന് കീഴടങ്ങുകയാണെന്നും അമ്പര്‍ ട്വിറ്ററില്‍ കുറിച്ചു.

ബോറിസിന്റെ സഹോദരന്‍ ബിസിനസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജോ ജോണ്‍സണും കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. പ്രമുഖരുടെ തുടര്‍ച്ചയായ രാജികള്‍ ബോറിസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കരാറില്ലാതെ ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപ്പിലാക്കാനുള്ള ജോണ്‍സന്റെ ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലിമെന്റില്‍ ഉയരുന്നത്. ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.