രാഷ്ട്രപതിയുടെ വിമാനത്തിന്‌ പാക് വ്യോമപാതയില്‍ സഞ്ചാര വിലക്ക്

Posted on: September 7, 2019 6:55 pm | Last updated: September 8, 2019 at 11:13 am

ന്യൂഡല്‍ഹി: കശ്മീരിലെ പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരായ പ്രകോപന നിലപാടുകളുമായി പാക്കിസ്ഥാന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാകിസ്ഥാന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കാന്‍ അനുമതി നിഷേധിച്ചു. രാഷ്ട്രപതിയുടെ ഐസ്ലന്‍ഡ് യാത്രക്കാണ് പാക് വ്യോമപാത നിഷേധിച്ചത്. അനുമതിക്കായി ഇന്ത്യ സമീപിച്ചെങ്കിലും കശ്മീര്ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടത് അടക്കമുള്ള ചില നടപടികളുടെ പശ്ചാത്തലത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി.

ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്. സന്ദര്‍ശനത്തില്‍ രാജ്യാതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തലവന്‍മ്മാരുമായി ചര്‍ച്ചചെയ്യാനിടയുണ്ട്.
നേരത്തെ ബല്ലാക്കോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.