Connect with us

Articles

ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടുമ്പോൾ

Published

|

Last Updated

കസ്തൂരിമാനും കല്ലോലിനിയും കൽപ്പകത്തളിർമരത്തണലുമില്ലാത്ത ഏകാന്ത ശൂന്യതയെന്ന് ചന്ദ്രനെ വിശേഷിപ്പിച്ചത് കവി വയലാർ രാമവർമയാണ്. ആംസ്‌ട്രോംഗിന്റെയും കൂട്ടരുടെയും 1969ലെ ആദ്യത്തെ ചാന്ദ്രയാത്ര വളരെയകലെ മറ്റൊരു നാട്ടിലുള്ള കവിയെപ്പോലും പ്രചോദിപ്പിച്ചു. മനുഷ്യൻ ചന്ദ്രനിലെത്തിയിട്ട് കഴിഞ്ഞ ജൂലൈ 21ന് അമ്പത് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ഇന്ത്യക്കാർക്ക് സ്വയം അഭിമാനിക്കാവുന്ന ഒരു നേട്ടത്തിന്റെ പടിവാതിൽക്കലാണ് ഈ ദിവസം നമ്മൾ നിൽക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ ഇരുണ്ട മേഖലയിൽ ചെന്നിറങ്ങുന്ന ചന്ദ്രയാൻ2 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. ചന്ദ്രയാൻ ഒന്നിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു സോഫ്റ്റ് ലാൻഡിംഗ് ദൗത്യമാണ്. അതായത് പേടകത്തിന്റെ വേഗം കുറച്ച് കൊണ്ടുവന്ന് സാവധാനം ചന്ദ്രനിൽ ഇറക്കേണ്ടതുണ്ട്. ചന്ദ്രയാൻ 2 വിജയകരമായി ചന്ദ്രനിൽ ഇറങ്ങുന്നതോടെ റഷ്യ, അമേരിക്ക, ചൈന എന്നിവക്ക് പിന്നാലെ ഈ സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജൂലൈ പതിനാലിനാണ് വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറ് മൂലം മാറ്റി വെക്കുകയും പിന്നീട് ജൂലൈ 22ന് വിക്ഷേപണം നടത്തുകയും ചെയ്തു.

എന്തുകൊണ്ട് ചന്ദ്രനിലേക്ക്?
ഭൂമിയുടെ ഏറ്റവുമടുത്തുള്ള ജ്യോതിർഗോളമാണ് ചന്ദ്രൻ. ഭാവിയിൽ കൂടുതൽ അകലെ മറ്റുഗ്രഹങ്ങളിലേക്കുള്ള കൂടുതൽ സങ്കീർണമായ പര്യവേക്ഷണ യാത്രകൾക്കുള്ള സാങ്കേതിക പരിചയം വികസിപ്പിച്ചെടുക്കാൻ ചാന്ദ്രയാത്രകൾ സഹായിക്കും. മാത്രമല്ല ഭൂമിയിൽ നിന്ന് വളരെയടുത്തുള്ള നമ്മുടെ ഏക ഉപഗ്രഹത്തെപ്പറ്റിയുള്ള നിലവിലെ അറിവിന് ധാരാളം പരിമിതികളുണ്ട്. അവിടുത്തെ മണ്ണിന്റെയും ധാതുക്കളുടെയും ഘടനയും ജലസാന്നിധ്യവുമടക്കം പലതും ഇന്നും ഇരുട്ടിൽ തന്നെയാണ്. ചന്ദ്രൻ ഉത്ഭവിച്ചതെങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഭൂമിയുടെ ജനനത്തിലേക്കുള്ള സൂചന കൂടിയാണ്. സൂര്യനിൽ നിന്ന് ഏറെ അകലെയല്ലാതെ വാസയോഗ്യമായ ഒരു ആവാസ വ്യവസ്ഥ രൂപപ്പെട്ടതെങ്ങനെ എന്ന് മനസ്സിലാക്കാൻ ചിലപ്പോൾ ചാന്ദ്രപര്യവേക്ഷണങ്ങൾ സഹായിച്ചേക്കാം. മാത്രമല്ല ഇത്തരം ബഹിരാകാശ ദൗത്യങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ സഹായിക്കും. ഇവയിൽ പലതും പിന്നീട് നമ്മുടെ നിത്യജീവിതത്തിലേക്കും എത്തിച്ചേർന്നേക്കാം. ആദ്യകാല ചാന്ദ്രയാത്രകൾ എല്ലാം ചന്ദ്രന്റെ സമീപവശത്തെ കേന്ദ്രീകരിച്ചായിരുന്നു. ചൈനയുടെ ചാങ്ങ് ഇ4 ദൗത്യം മാത്രമാണ് ചന്ദ്രന്റെ വിദൂരവശത്ത് മുമ്പ് പര്യവേക്ഷണം നടത്തിയിട്ടുള്ളത്. ആ നിലക്ക് ചന്ദ്രയാൻ 2 ദൗത്യം ഒരു പുതിയ തുടക്കമാണ്. മാത്രമല്ല ഭാവിയിൽ ചൊവ്വായാത്രക്ക് ഇടത്താവളമൊരുക്കാനും ചന്ദ്രൻ സഹായിച്ചേക്കാം.
ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ ~ഒന്ന് വിക്ഷേപിക്കപ്പെട്ടത് 2008ലാണ്. ചന്ദ്രനിൽ വലിയ അളവിൽ ജലസാന്നിധ്യമുണ്ടെന്നതടക്കം പ്രധാനപ്പെട്ട കണ്ടെത്തലുകൾ ചന്ദ്രയാൻ ഒന്നിന്റേതായി നമുക്ക് ലഭിച്ചു. അവിടെ നിന്ന് ഒരു പടി കൂടി മുന്നോട്ടു പോകുകയാണ് ചന്ദ്രയാൻ2ന്റെ ദൗത്യം. ചന്ദ്രന്റെ ഉപരിതല സവിശേഷതകൾ, വിവിധ മൂലകങ്ങളുടെ സാന്നിധ്യവും അളവും, ചന്ദ്രോപരിതലത്തിലും മണ്ണിനടിയിലുമുള്ള ജലത്തിന്റെ മാപ്പിംഗ്, ചാന്ദ്രഗോളത്തിന് ചുറ്റുമുള്ള (ചന്ദ്രനിൽ അന്തരീക്ഷം ഇല്ല) ഭാഗത്തിന്റെ ഘടന വിലയിരുത്തൽ തുടങ്ങിയവയെല്ലാം ചന്ദ്രയാൻ 2ന്റെ ലക്ഷ്യങ്ങളാണ്. കൂടാതെ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള, ആദ്യ സ്ത്രീയെ ചന്ദ്രോപരിതലത്തിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്ന നാസയുടെ ആർട്ടമീസ് ദൗത്യത്തിന് ഇറങ്ങാനുള്ള സ്ഥലം തീരുമാനിക്കാൻ ആവശ്യമായ വിവരങ്ങൾ ചന്ദ്രയാൻ 2 നൽകും.
ഈ ദൗത്യത്തിന് മൂന്ന് പ്രധാന ഭാഗങ്ങളാണ് ഉള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് അവ. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ ഓർമക്ക് വിക്രം എന്നാണ് ലാൻഡറിന് പേര് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ജന്മശദാബ്ദി വർഷത്തിലാണ് ഇന്ത്യയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. വിജ്ഞാനം എന്നർഥമുള്ള പ്രഗ്യാൻ എന്നാണ് റോവർ അറിയപ്പെടുന്നത്. ചന്ദ്രയാൻ 2ന്റെ ഏറ്റവും വലിയ ഘടകം ഓർബിറ്റർ തന്നെയാണ്. ലാൻഡറിനേയും റോവറിനെയും ചന്ദ്രോപരിതലത്തിൽ എത്തിക്കുകയാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്വം. ഇവക്ക് പുറമേ എക്‌സ്‌റേ, ഇൻഫ്രാറെഡ് സ്‌പെക്ട്രോമീറ്ററുകൾ, ഡി എഫ് എസ് എ റഡാർ, മാസ് അനലൈസർ, ഹൈ റസല്യൂഷൻ ക്യാമറ തുടങ്ങി എട്ട് ഉപകരണങ്ങളേയും ഓർബിറ്റർ ചുമക്കുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ട് ഓർബിറ്റർ വിവരങ്ങൾ ശേഖരിക്കും. വിക്രം ലാൻഡർ ഇറങ്ങേണ്ട ഭാഗത്തിന്റെ ചിത്രങ്ങൾ പകർത്തി ലാൻഡിംഗിന് ആവശ്യമായ വിവരങ്ങൾ നൽകുക എന്നതും ഓർബിറ്ററിന്റെ ചുമതലയാണ്. ഒന്നോ, രണ്ടോ വർഷം ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്ത് ഓർബിറ്റർ വിവരശേഖരണം നടത്തും.

ഏതാണ്ട് ഒന്നര ടണ്ണോളം ഭാരമുള്ള വിക്രം ലാൻഡറിൽ ഓർബിറ്ററിനെക്കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. അഞ്ച് ദ്രവ ഇന്ധന എൻജിനുകളെയാണ് ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് നടത്താൻ വിക്രം ലാൻഡറിനെ സഹായിക്കുകയെന്ന ദൗത്യം ഏൽപ്പിച്ചത്. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിയ ശേഷവും പതിനാല് ദിവസം പര്യവേക്ഷണം തുടരും. ചന്ദ്രോപരിതലത്തിലെ കമ്പനങ്ങൾ അളക്കാനുള്ള സീസ്‌മോമീറ്റർ, ഉപരിതലത്തിലെ താപവ്യതിയാനങ്ങൾ അളക്കാനുള്ള തെർമോ പ്രോബ്, ഉപരിതലത്തിലെ പ്ലാസ്മയെക്കുറിച്ച് പഠിക്കുന്ന ലാങ്ങ്മ്യൂർ പ്രോബ്, ലേസർ രശ്മികൾ വഴി ചന്ദ്രനെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങളുമായി സംവദിക്കുന്ന റിട്രോറിഫളക്റ്റർ എന്നിവ ലാൻഡറിന്റെ ഭാഗമാണ്. മാത്രമല്ല, റോവർ കൈമാറുന്ന വിവരങ്ങൾ ഭൂമിയിലേക്കയക്കുകയും ചെയ്യും. ഇരുപത്തേഴ് കിലോ ഗ്രാം മാത്രം ഭാരമുള്ളതും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമാണ് പ്രഗ്യാൻ റോവർ. ആറ് ചക്രങ്ങളുള്ള കളിവണ്ടി പോലുള്ള റോവർ പക്ഷേ, നിസ്സാരക്കാരനല്ല. ചന്ദ്രോപരിതലത്തിലെ അഞ്ഞൂറ് മീറ്റർ ദൂരം വിശദമായി പഠിക്കുകയാണ് ലക്ഷ്യം. സൗരോർജത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് പതിനാല് ദിവസം നീണ്ട ചാന്ദ്രപ്പകലിൽ മാത്രമേ പ്രഗ്യാൻ റോവർ പ്രവർത്തിക്കുകയുള്ളൂ. എങ്കിലും സൂര്യൻ ഇല്ലാത്തപ്പോൾ കണ്ണടക്കാനും സൂര്യനെത്തുമ്പോൾ ഉണർന്നെണീക്കാനും കഴിയുന്ന സംവിധാനം ഒരുക്കിയിട്ടുള്ളതിനാൽ ഇതിന്റെ പ്രവർത്തനം പതിനാല് ദിവസത്തിൽ കൂടുതൽ നീണ്ടേക്കാം. ഇന്ത്യയുടെ ദേശീയ ചിഹ്നവും ഐ എസ് ആർ ഒയുടെ ലോഗോയും രേഖപ്പെടുത്തിയ ആറ് ചക്രങ്ങളുള്ള റോവർ സഞ്ചരിക്കുമ്പോൾ മണ്ണിൽ ഈ ചിത്രങ്ങൾ പതിക്കും. ഇത് സഞ്ചാരദൂരം കണക്കാക്കൽ എളുപ്പമാക്കും. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള രണ്ട് സ്‌പെക്ട്രോസ്‌കോപ്പുകളാണ്. നാസ നിർമിച്ച് നൽകിയ ലേസർ റിട്രോറിഫളക്റ്റർ ഒഴികെ ചന്ദ്രയാൻ2ലെ എല്ലാ ഉപകരണങ്ങളും തദ്ദേശീയമായി വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിർമിച്ചതാണ്.

ആ പതിനഞ്ച് മിനുട്ടുകൾ
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ തുടർ ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന് വലിയ പ്രാധാന്യമുണ്ട്. ചന്ദ്രനിൽ പേടകം ഇടിച്ചിറക്കാതെ ക്രമാനുഗതമായി വേഗം കുറച്ച് സാവധാനം ഇറക്കുകയാണ് സോഫ്റ്റ് ലാൻഡിംഗിൽ ചെയ്യുന്നത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും മറ്റും ഭാവിയിൽ സാധിക്കണമെങ്കിൽ സോഫ്റ്റ് ലാൻഡിംഗ് സാങ്കേതിക വിദ്യ സ്വായത്തമാക്കേണ്ടതുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടെ ആറിലൊന്ന് മാത്രമാണ്. മാത്രമല്ല ചന്ദ്രനിൽ വായുമണ്ഡലത്തിന്റെ സാന്നിധ്യവുമില്ല. അതുകൊണ്ടുതന്നെ സോഫ്റ്റ്‌ലാൻഡിംഗ് ഒട്ടും എളുപ്പമല്ല. പേടകത്തിന്റെ എതിർദിശയിലേക്ക് റോക്കറ്റുകൾ പായിച്ചാണ് വേഗം കുറച്ചുകൊണ്ടു വരുന്നത്. റിട്രോറോക്കറ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. സാധാരണ റോക്കറ്റുകൾ പേടകത്തെ മുന്നോട്ട് കുതിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ റിട്രോറോക്കറ്റുകൾ പിറകോട്ട് പായുമ്പോൾ ലാൻഡറിന്റെ മുന്നോട്ടുള്ള വേഗം കുറയും. ഇങ്ങനെ വേഗം വളരെയേറെ കുറച്ച് മാത്രമേ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനാവൂ. ഭൂമിയിലെ സാഹചര്യമല്ല ചന്ദ്രനിൽ ഉള്ളത് എന്നതിനാൽ ഇക്കാര്യത്തിൽ മുൻകൂട്ടി പരീക്ഷണങ്ങൾ നടത്താൻ പ്രയാസമാണ്. ചില കണക്കുകൂട്ടലുകൾ മുമ്പേ നടത്താമെങ്കിലും സാഹചര്യമനുസരിച്ച് ഇന്ധനത്തിന്റെ ജ്വലനവും വേഗവും നിയന്ത്രിക്കേണ്ടി വരും. സാഹചര്യങ്ങൾ പരിശോധിച്ച് സ്വയം തീരുമാനമെടുക്കാൻ പേടകത്തെ സഹായിക്കുന്ന കമ്പ്യൂട്ടർ കൂടി ലാൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ലാൻഡർ തന്നെ റോക്കറ്റിന്റെ ജ്വലനം നിയന്ത്രിക്കും. ലാൻഡിംഗിന്റെ പതിനഞ്ച് മിനുട്ടുകളെ, ചങ്കിടിപ്പിന്റെ ആ നിമിഷങ്ങളെ ഭീകരമായ പതിനഞ്ച് മിനിട്ടുകൾ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാനാണ്.

അതികായന്റെ ചിറകിലേറി
ചന്ദ്രയാൻ 2 ദൗത്യം സാധ്യമാക്കിയത് ജി എസ് എൽ വി മാർക്ക് മൂന്ന് എന്ന അതികായൻ റോക്കറ്റാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയായ ഗഗൻയാനും ഈ റോക്കറ്റ് തന്നെയാണ് ഉപയോഗിക്കുക. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് പേടകങ്ങളെ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന റോക്കറ്റാണിത്. ഖര ഇന്ധനത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന രണ്ട് ബൂസ്റ്ററുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ ഖര ബൂസ്റ്ററുകൾ ആണ് ജി എസ് എൽ വി മാർക്ക് മൂന്നിലുള്ളത്. എൽ 110 എന്നറിയപ്പെടുന്ന രണ്ടാം ഘട്ടം പ്രവർത്തിക്കുന്നത് ദ്രാവക ഇന്ധനത്തെ ആധാരമാക്കിയാണ്. രണ്ട് വികാസ് രണ്ട് എൻജിനുകൾ ഈ ഘട്ടത്തിന് ഊർജം പകരുന്നു. ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്രയോജനിക് എൻജിനാണ് മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ അപ്പർ സ്റ്റേജ് ക്രയോജനിക് എൻജിനുകളിലൊന്നാണിത്. ഇതും ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ്.
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അമരക്കാരിൽ പ്രധാനപ്പെട്ട രണ്ട് പേരും സ്ത്രീകളാണ് എന്നത് വളരെയേറെ പ്രതീക്ഷ നൽകുന്നു. അമേരിക്കയിൽ പോലും ബഹിരാകാശ ഗവേഷണ രംഗത്തെ സ്ത്രീ പ്രാതിനിധ്യം ശുഷ്‌കമായിരിക്കുമ്പോൾ വിശേഷിച്ചും. എം വനിതയാണ് ചന്ദ്രയാൻ 2ന്റെ പ്രോജക്റ്റ് ഡയറക്ടർ. ഇന്ത്യയുടെ റോക്കറ്റ് വനിത എന്നറിയപ്പെടുന്ന, മംഗൾയാൻ ദൗത്യത്തിലും ചുമതല വഹിച്ചിട്ടുള്ള ഋതു കരിദാൽ ആണ് മിഷൻ ഡയറക്ടർ. കടുത്ത ലിംഗവിവേചനം നിലനിൽക്കുന്ന ഇന്ത്യപ്പോലൊരു സമൂഹത്തിൽ ഇവരെപ്പോലുള്ള മാതൃകകൾ ഒട്ടേറെ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരും. എന്നാൽ ചന്ദ്രയാൻ 2 ലോഞ്ച് റൂമിൽ ജഗ്ഗി വാസുദേവിനെപ്പോലുള്ള ശാസ്ത്ര വിരുദ്ധർക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത് ആശങ്കപ്പെടുത്തുന്നുമുണ്ട്. ശാസ്ത്രരംഗത്തെ നേട്ടങ്ങൾക്കൊപ്പം ശാസ്ത്രാവബോധവും ശാസ്ത്രീയ ചിന്താഗതിയും വികസിക്കാത്തത് ഒരു സമൂഹം എന്ന നിലക്ക് ഇന്ത്യയുടെ ഏറ്റവും വലിയ പരിമിതിയാണ്. അതിനുകൂടി ശാസ്ത്രരംഗത്തുള്ളവർ തയ്യാറാകുമ്പോഴേ ഇത്തരം നേട്ടങ്ങൾ വരും കാലങ്ങളിലും നിലനിർത്താനാകൂ. അത് കൂടി ചന്ദ്രയാൻ2 ഓർമിപ്പിക്കും എന്ന് പ്രത്യാശിക്കാം.

ഡോ. സംഗീത ചേനംപുല്ലി

---- facebook comment plugin here -----

Latest