ദേശീയ പൗരത്വ രജിസ്റ്റര്‍: ബി ജെ പി രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു, ബംഗാളില്‍ നടപ്പിലാക്കില്ല: മമത

Posted on: September 6, 2019 8:23 pm | Last updated: September 7, 2019 at 10:37 am

കൊല്‍ക്കത്ത: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് ബി ജെ പി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) നടപ്പിലാക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ബംഗാളില്‍ നടപ്പിലാക്കാന്‍ ബി ജെ പിയെ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രമേയം സംസ്ഥാന നിയമസഭയില്‍ പാസായ ശേഷം സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.

ബംഗാളിന്റെ അയല്‍ സംസ്ഥാനമായ അസമില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച എന്‍ ആര്‍ സി ലിസ്റ്റില്‍ നിന്ന് 19 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്തില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും ഇതര രാജ്യക്കാരെയും തിരിച്ചറിയുക ലക്ഷ്യം വച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യഥാര്‍ഥ ഇന്ത്യക്കാരും ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടതായി മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നിര്‍ത്തിവച്ച് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്ന മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം അവര്‍ ഉദ്ധരിച്ചു.

ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യത്തിലും തന്റെ കാഴ്ചപ്പാടുള്ളവര്‍ ഉണ്ടെന്ന് മമത പറഞ്ഞു. ബിഹാറില്‍ എന്‍ ആര്‍ സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നോട് പറഞ്ഞത്.
ബിഹാറില്‍ ബി ജെ പിയോടൊപ്പം സഖ്യകക്ഷി സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന ജനതാദള്‍ യുനൈറ്റഡ് നേതാവായ നിതീഷ്, കേന്ദ്രം അടുത്തിടെ നടപ്പിലാക്കിയ മുത്വലാഖ് ബില്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി എന്നിവക്കെതിരെ രംഗത്തു വന്നിരുന്നു.