Connect with us

National

മസ്ഹൂദ്, സയീദ്, ലഖ്‌വി, ദാവൂദ് എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ജയ്ഷ്വ മുഹമ്മദ് തലവന്‍ മൗലാന മസ്ഹൂദ് അസ്ഹര്‍, ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഹാഫിസ് സയീദ്, അധോലോക നായകന്‍ സാക്കിറുര്‍റഹ്മാന്‍ ലഖ്‌വി, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്‌റാഹിം എന്നിവരെ യു എ പി എ നിയമ പ്രകാരം ഭീകരരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിനും ഭീകര ഗ്രൂപ്പുകളില്‍ പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന ബില്‍ ജൂലൈയില്‍ പാസാക്കിയ ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ നടപടി.

ഭീകരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ അസ്ഹറും സയീദും ലഖ്‌വിയും പാക്കിസ്ഥാനികളാണ്. ദാവൂദ് നിലവില്‍ പാക്കിസ്ഥാനിലാണ് കഴിയുന്നതെന്നാണ് സംശയിക്കുന്നത്. 2001ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനു നേരെയും ഈ വര്‍ഷമാദ്യം 40 ജവാന്മാര്‍ കൊല്ലപ്പെടാനിടയാക്കി പുല്‍വാമയിലും നടന്ന ഭീകരാക്രമണങ്ങള്‍ നടത്തിയത് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജയ്ഷ്വ മുഹമ്മദ് ആയിരുന്നു. 2019 മെയ് ഒന്നിന് അസ്ഹറിനെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

1994ല്‍ ക്ശ്മീരിലെ അനന്ത്‌നാഗില്‍ നിന്ന് അറസ്റ്റിലായ മസ്ഹൂദിനെ 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയവരുമായുണ്ടാക്കിയ ധാരണ പ്രകാരം വിട്ടയക്കേണ്ടി വന്നിരുന്നു. 2008ല്‍ മുംബൈയിലെ വിവിധ ഭാഗങ്ങളിലായി നാലു ദിവസത്തോളം തുടര്‍ന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സഈദ്. സംഭവത്തില്‍ ഒമ്പത് അക്രമികളുള്‍പ്പടെ 174 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സയീദിന്റെ ഗ്രൂപ്പായ ലഷ്‌കറിനെയും ജമാഅത്തുദ്ദഅ്‌വയെയും ഇന്ത്യ നേരത്തെത്തന്നെ നിരോധിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ആസ്‌ത്രേലിയ എന്നീ രാഷ്ട്രങ്ങളും ഈ ഭീകര ഗ്രൂപ്പുകളെ നിരോധിച്ചിട്ടുണ്ട്.

ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് സാക്കിറുര്‍റഹ്മാന്‍. 300 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടനത്തില്‍ പ്രമുഖ പങ്കുവഹിച്ചത് ദാവൂദ് ഇബ്രാഹിമാണെന്നാണ് കരുതുന്നത്. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദാവൂദ് 2010 മുതല്‍ ലോകത്തെ മോസ്റ്റ് വാണ്‍ഡഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തു പേരില്‍ ഒരാളാണ്.