Connect with us

Kerala

ശ്രീജിവിന്റേത് കസ്റ്റഡി കൊലപാതകമല്ല, ആത്മഹത്യ; സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെത് കസ്റ്റഡി കൊലപാതകമല്ല ആത്മഹത്യയെന്ന് സിബിഐ. സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ അയാള്‍ വിഷം കൈയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ദേഹപരിശോധന നടത്താതെയാണ് ശ്രീജിവിനെ പോലീസ് സെല്ലിലടച്ചത്. വിഷം കഴിച്ച നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇതിന് സാക്ഷി മൊഴികളും പരിശോധിച്ച ഡോക്ടറുടെ മൊഴിയുമുണ്ട്. ശ്രീജിവ് മോഷണക്കേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. സഹോദരന്റെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത്.

2014 മെയ് 19നാണ് ശ്രീജിവ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. ലോക്കപ്പില്‍വെച്ച് ശ്രീജിവ് വിഷം കഴിച്ചു മരിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജിവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണു ബന്ധുക്കളുടെ ആരോപണം. അതേ സമയം സമരം തുടരുമെന്നും കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് സിബിഐ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു

Latest