രണ്ടില ചിഹ്നത്തില്‍ അവസാന തീരുമാനം റിട്ടേണിങ് ഓഫീസറുടേത്: ടിക്കാറാം മീണ

Posted on: September 3, 2019 8:19 pm | Last updated: September 3, 2019 at 10:04 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് അവസാന തീരുമാനം റിട്ടേണിങ് ഓഫീസറുടേതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളാണോ ചിഹ്നത്തിനായി അപേക്ഷിക്കുന്നതെന്ന കാര്യം പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റോ ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ആളാണോ ചിഹ്നത്തിനായി അവകാശവാദം ഉന്നയിക്കുന്നതെന്ന് റിട്ടേണിങ് ഓഫീസര്‍ പരിശോധിക്കും. അത്തരം നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും റിട്ടേണിങ് ഓഫീസര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിറകെയാണ് ചിഹ്നം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന