Connect with us

National

പിഴയിലെ വലിയ വര്‍ധനവ്: പുതിയ ഗതാഗത നിയമം നടപ്പിലാക്കാതെ ചില സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനങ്ങള്‍ക്ക് വലിയ പിഴകളും തടവ് ശിക്ഷയുമടക്കം ഏര്‍പ്പെടുത്തിയുള്ള പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി ചില സംസ്ഥാനങ്ങള്‍. രാജ്യത്ത് കഴിഞ്ഞ ഒന്ന് മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നിട്ടും ബി ജെ പി ഇതര സര്‍ക്കാര്‍ നിലവിലുള്ള ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടപ്പാക്കിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ അവസ്ഥയില്‍ നിയമം നടപ്പാക്കാനാകില്ലെന്ന ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചു കഴിഞ്ഞു. ബംഗാളും മധ്യപ്രദേശും നിയമത്തോട് പൂര്‍ണ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്‍ ഭേദഗതി നിര്‍ദേശിച്ചിരിക്കുകയാണ്.

നിയമം തത്ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ പ്രതികരിച്ചു. പിഴത്തുക വളരെ വലുതാണെന്നും ഇത്തരത്തില്‍ എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കുറ്റങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന നിയമം പാടില്ലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. നിയമം നടപ്പാക്കുമെങ്കിലും പിഴ തുകയില്‍ ഭേദഗതി വേണമെന്ന് രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചാരിയാവാസ് പറഞ്ഞു. ഒറ്റയടിക്ക് നിയമം നടപ്പിലാക്കാനാകില്ലെന്നും വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച ആവശ്യമാണെന്നും ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പ്രതികരിച്ചു.
അതിനിടെ നിയമന നടപ്പിലാക്കിയ കേരളത്തില്‍ ഏതാനും പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.