Connect with us

National

ഉന്നാവോ അപകടം: പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; സി ബി ഐ മൊഴിയെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി ബി ഐ ഇരയുടെ മൊഴിയെടുത്തു. അപകടത്തില്‍ സാരമായി പരുക്കേറ്റ് ഡല്‍ഹി എയിംസിലെ ഐ സി യുവിലായിരുന്ന പെണ്‍കുട്ടിയെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്കു മാറ്റിയതോടെയാണ് സി ബി ഐ സംഘമെത്തി മൊഴി രേഖപ്പെടുത്തിയത്. സെപ്തംബര്‍ ആറിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സി ബി ഐയുടെ നീക്കം.

കഴിഞ്ഞ മാസം ആറിനാണ് പെണ്‍കുട്ടിയെ വിമാനത്തില്‍ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്‌സ് ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് കൊണ്ടുവന്നത്. ജൂലൈ 28നാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിക്കും അഭിഭാഷകനും പരുക്കേല്‍ക്കുകയും ചെയ്തു. അഭിഭാഷകന്റെ നില ഇപ്പോഴും ഗുരുതരമാണെന്നതിനാല്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ല.

കേസില്‍ ബി ജെ പി എം എല്‍ എയും പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുമായ കുല്‍ദീപ് സെന്‍ഗര്‍ ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.