Kerala
വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് കുറ്റകരമല്ല
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് ഡ്രൈവറുടെ കൈയിൽ പിടിച്ച് ഉപയോഗിക്കുന്ന വാർത്താ വിനിമയ സംവിധാനങ്ങൾക്കാണ് വിലക്കുള്ളത്. ഈ സാഹചര്യത്തിൽ മറ്റെവിടെയെങ്കിലും ഘടിപ്പിക്കാവുന്ന ബ്ലൂടൂത്ത് വഴി സംസാരിക്കുന്നത് നിയമ ലംഘനമാകില്ല. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184ാം വകുപ്പിലാണ് (അനുബന്ധം സി) ഈ ഭേദഗതിയുള്ളത്.
ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളിൽ ഫോണിലെ ബ്ലൂടൂത്ത് കാറിലെ സ്പീക്കറുമായി ബന്ധിപ്പിക്കാൻ കഴിയും. വാഹനം ഓടിക്കുന്നതിനിടെ അത്യാവശ്യ കോളുകൾ എടുക്കേണ്ടി വന്നാൽ കാതിൽ ചേർത്തു പിടിച്ച് സംസാരിക്കേണ്ട എന്നതാണ് ഇതിന്റെ മെച്ചം. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ കുത്തനെ വർധിപ്പിച്ചുള്ള മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് ഇന്നലെ മുതൽ നിലവിൽ വന്നതോടെയാണ് ബ്ലൂടൂത്ത് ഘടിപ്പിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാകുമോ എന്നത് സംബന്ധിച്ച് ചോദ്യങ്ങളുയർന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചാൽ പുതിയ നിയമപ്രകാരം 10,000 രൂപയാണ് പിഴ.

