Connect with us

National

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഉച്ചയോടെ വേര്‍പെടും

Published

|

Last Updated

ബംഗളൂരു: ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ചന്ദ്രയാന്‍ രണ്ടിന്റെ നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്നതാണിത്. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേര്‍പിരിയില്‍.

ഇന്നലെയാണ് ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍.
നാളെയും മറ്റന്നാളുമായി വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. വിക്രം വേര്‍പെട്ടതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐ എസ് ആര്‍ ഒ പദ്ധതിയിട്ടിട്ടുള്ളത്.

ശേഷം ലാന്‍ഡിംഗിനാവശ്യായ നിര്‍ദ്ദേശങ്ങള്‍ വിക്രം ലാന്‍ഡറിലേക്കയക്കും. ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Latest