Connect with us

Editorial

നെയ്തലപ്പുറത്തെ നീക്കവും പൊളിഞ്ഞു

Published

|

Last Updated

മതസ്പർധയുണ്ടാക്കി വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് ആർ എസ് എസിന്റെയും ബി ജെ പിയുടെയും പ്രവർത്തന ശൈലിയെന്നു അറിയപ്പെട്ടതാണ്. ഇരുട്ടിന്റെ മറവിൽ ക്ഷേത്രങ്ങളും മഠങ്ങളും ആക്രമിച്ചു ഉത്തരവാദിത്വം ഇതരമതസ്ഥരുടെ മേൽകെട്ടി വെച്ചു സമുദായ സ്പർധയുണ്ടാക്കാനുള്ള നിരവധി നീക്കങ്ങൾ അവർ രാജ്യത്തുടനീളം നടത്തിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ സി കെ പാറ ശാന്തിനഗറിൽ നെയ്തലപ്പുറത്ത് ധർമശാസ്താ ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം. ആഗസ്റ്റ് 27ന് ചൊവ്വാഴ്ച രാത്രിയാണ് ധർമശാസ്താ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. മനുഷ്യവിസർജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

പതിവിൻപടി ഹിന്ദുത്വ വർഗീയ സംഘടനകൾ മുസ്‌ലിംകളാണ് സംഭവത്തിനു പിന്നിലെന്നു ആരോപിക്കുകയും ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തി വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും ചെയ്തു. ആക്രമണം ആസൂത്രിതമാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെയും നിലപാട്. പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ സംഘ്പരിവാർ പ്രവർത്തകനായ സി കെ പാറ സ്വദേശി കുരുത്തുകല്ലിങ്ങൽ രാമകൃഷ്ണനാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാമകൃഷ്ണന് യാതൊരുവിധ മാനസികാസ്വാസ്ഥ്യവുമില്ലെന്നും മതസ്പർധയുണ്ടാക്കാൻ മനഃപൂർവമുള്ള ശ്രമമായിരുന്നു ക്ഷേത്രം ആക്രമണത്തിനു പിന്നിലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായും പോലീസ് അറിയിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി മനോഹരന്റെയും എസ് ഐ രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്തി പ്രശ്‌നം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതെ നാടിനെ രക്ഷപ്പെടുത്തിയത്.
രണ്ട് വർഷം മുമ്പായിരുന്നു സമാനമായ സംഭവം നിലമ്പൂർ പൂക്കോട്ടുംപാടം വില്ലത്ത് ക്ഷേത്രത്തിൽ നടന്നത്. ഒരു ദിവസം രാത്രിയിൽ ഏതോ ദുഷ്ടബുദ്ധി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തു. മുസ്‌ലിംകളാണ് അക്രമികളെന്നും മലപ്പുറത്ത് ഹിന്ദുക്കൾക്ക് രക്ഷയില്ലെന്നും സംഘ്പരിവാർ വൃത്തങ്ങൾ വ്യാപകമായി പ്രചാരണം തുടങ്ങി. വിഗ്രഹ ധ്വംസനത്തിൽ പ്രതിഷേധിച്ച് ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും ബി ജെ പി, ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ ഹർത്താൽ ആചരണവും നടന്നു. സ്ഥലം സന്ദർശിക്കാനെത്തിയ ആര്യാടൻ മുഹമ്മദിനെ ഹിന്ദു ഐക്യവേദിക്കാർ തടഞ്ഞു. പി വി അൻവർ എം എൽ എ വിളിച്ചുചേർ ത്ത സർവകക്ഷിയോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിൽ അറസ്റ്റിലായ പ്രതി പക്ഷേ മുസ്‌ലിമായിരുന്നില്ല. തിരുവനന്തപുരം കവടിയാർ സ്വദേശി രാജാറാം മോഹൻദാസ് പോറ്റി എന്ന ഈശ്വരൻ ഉണ്ണിയായിരുന്നു കൃത്യത്തിനു പിന്നിൽ. ഇതോടെ കലാപം സൃഷ്ടിക്കാനുള്ള തീവ്രഹിന്ദുത്വരുടെ പദ്ധതി പൊളിഞ്ഞു.
സംഘ്പരിവാറിന്റെ കാലങ്ങളായുള്ള മനസ്സിലിരിപ്പാണ് മലപ്പുറത്ത് ഒരു വർഗീയ കലാപം. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള മലപ്പുറത്തെ വർഗീയാസ്വാസ്ഥ്യങ്ങൾ കേരളത്തിൽ ബി ജെ പിക്ക് വേരോട്ടം ശക്തമാക്കാനും ദേശീയ തലത്തിൽ വർഗീയ പ്രചാരണത്തിനും സഹായകമാകുമെന്ന് അവർ കണക്കു കൂട്ടൂന്നു. ഈ ലക്ഷ്യത്തിൽ ബി ജെ പി ദേശീയ നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, മുൻകേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി ജെ പി നേതാവുമായ ഹൻസ് രാജ് ആഹിർ, ആർ എസ് എസ് നേതാവ് ഗോപാലകൃഷ്ണൻ തുടങ്ങി പല സംഘ്പരിവാർ നേതാക്കളും പ്രകോപനപരവും വർഗീയ വിഷം സ്ഫുരിക്കുന്നതുമായ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്. മലപ്പുറത്ത് ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നാണ് ഇതിനിടെ സുബ്രഹ്മണ്യം സ്വാമി പച്ചക്കള്ളം തട്ടിവിട്ടത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യിക്കുന്നുവെന്നാണ് ഹൻസ് രാജിന്റെ കണ്ടുപിടിത്തം. ഇ എം എസ് മുസ്‌ലിംകൾക്ക് വേണ്ടിയാണ് മലപ്പുറം ജില്ല രൂപവത്കരിച്ചത്, മുസ്‌ലിം സ്ത്രീകൾ അവിടെ പന്നി പ്രസവിക്കുന്നതു പോലെ കുട്ടികളെ പെറ്റു കൂട്ടുന്നുവെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. താനൂർ തീരക്കടലിൽ അജ്ഞാത കപ്പൽ കാണപ്പെട്ടു, അത് മുസ്‌ലിം തീവ്രവാദികളെയും വഹിച്ചു കൊണ്ടുള്ള പാക്കിസ്ഥാൻ കപ്പലായിരിക്കുമെന്നു സന്ദേഹിക്കുന്നതായും ചില മാധ്യമങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള വാർത്തകളും ഈ ഗണത്തിൽ പെട്ടതാണ്.

1969-ൽ ജില്ല രൂപവത്കരിക്കപ്പെട്ട ശേഷം ഒരൊറ്റ വർഗീയ കലാപം പോലും മലപ്പുറത്ത് ഇതുവരെ നടന്നിട്ടില്ല. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നു തൊണ്ണൂറുകളുടെ ആദ്യത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിലും മലപ്പുറം ശാന്തമായിരുന്നു. പ്രദേശത്തെ മുസ്‌ലിംകളുടെ സഹിഷ്ണുതയും ഇതരമതസ്ഥരോടുള്ള ഹൃദ്യമായ സൗഹൃദവും ജില്ലക്കകത്തുള്ളവർ മാത്രമല്ല, പുറത്തുള്ളവരും മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകൾ കേട്ടു തിരുവിതാംകൂറിൽ നിന്നു ഭീതിയോടെ ജില്ലയിലെ സ്‌കൂളുകളിൽ ജോലിക്കെത്തിയ ഇതരമതസ്ഥരായ അധ്യാപികമാർ, പ്രദേശത്തുകാരുടെ സ്‌നേഹവും സൗഹൃദപരമായ സമീപനവും നേരിട്ടു മനസ്സിലാക്കി പിന്നീട് നാട്ടിലേക്ക് മടങ്ങാതെ മലപ്പുറത്ത് സ്ഥലം വാങ്ങി വീടുവെച്ചു സ്ഥിരതാമസമാക്കിയ ചരിത്രവുമുണ്ട്. മലപ്പുറത്തെ ദൈവം രക്ഷിച്ചെന്നായിരുന്നു നിലമ്പൂർ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹ ധ്വംസനക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ അന്നു മാധ്യമങ്ങളോട് പറഞ്ഞത്. സംഘ്പരിവാറിന് നേരെയുള്ള ഒരു ഒളിയമ്പായിരുന്നു അത്. സി കെ പാറ ശാന്തിനഗർ സംഭവത്തിലും മതേതരവിശ്വാസികൾക്ക് പറയാനുള്ളത് ഇതുതന്നെയാണ്. ഇത്തരം കേസുകളിൽ കേരള പോലീസ് നടത്തുന്ന നിഷ്പക്ഷമായ അന്വേഷണം പ്രശംസനീയമാണ്.