International
ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; നിരവധി ആക്ടിവിസ്റ്റുകള്‍ അറസ്റ്റില്‍

കോവ്‌ലൂണ്‍: ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി ആക്ടിവിസ്റ്റുകള്‍ അറസ്റ്റില്‍. ഡെമോസിസ്‌റ്റോ പാര്‍ട്ടി നേതാക്കളായ ജോഷ്വ വോങ്, ആഗ്‌സനസ് ചൗ, ഇന്‍ഡിപെന്‍ഡന്‍സ് നേതാവ് ആന്‍ഡി ചാന്‍, ലോക്കലിസ്റ്റ് സിവിക് പാഷന്‍ പാര്‍ട്ടിയുടെ ചെങ് ചുംഗ് ചങ് തായ് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ജപ്പാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന്‍ഡി ചാന്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. വോങിനെയും ചൗവിനെയും വാന്‍ ചായിയിലെ പോലീസ് ആസ്ഥാനത്തേക്കു കൊണ്ടുപോയി.
തങ്ങളുടെ മൗലികാവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്ന് വോങ് പിന്നീട് ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ 21ന് നിയമവിരുദ്ധമായി റാലിക്കു നേതൃത്വം നല്‍കിയെന്നതാണ് ഇരുവര്‍ക്കുമെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. അന്ന് പ്രക്ഷോഭകര്‍ പോലീസ് ആസ്ഥാനം 15 മണിക്കൂറോളം ഉപരോധിച്ചിരുന്നു. ജൂണില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത 900ത്തോളം പേരെയാണ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കലാപകാരികളായ പ്രതിഷേധക്കാരുമായി ബന്ധപ്പെടരുതെന്ന് ഹോങ്കോങ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ശനിയാഴ്ച നടത്തുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുറ്റാരോപിതരെ വിചാരണക്കായി ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് കുറ്റവാളികളെ കൈമാറാനുള്ള ബില്‍ മരവിപ്പിച്ചെങ്കിലും ഹോങ്കോങ്ങിലെ ഭരണാധികാരി കാരിലാമിന്റെ സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ഒരുലക്ഷത്തോളം പേരാണ് തെരുവുകളില്‍ ചൈനീസ് അനുകൂല സര്‍ക്കാറിനെതിരായ പ്രകടനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞയാഴ്ച ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി ഹോങ്കോങ്ങ് വിമാനത്താവളം സ്തംഭിപ്പിച്ച പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ഹോങ്കോങ്ങില്‍ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭം.