Editorial
കരുതല്‍ തുകയില്‍ കൈവെക്കുമ്പോള്‍

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാവുന്ന നടപടിയായാണ് കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാറിനു നല്‍കാനുള്ള റിസര്‍വ് ബേങ്കിന്റെ തീരുമാനത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യം അടിയന്തര സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അതിനെ അതിജീവിക്കാനാണ് രാജ്യത്തെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസര്‍വ് ബേങ്ക് കരുതല്‍ ധനം സൂക്ഷിക്കുന്നത്. സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റ് ദുര്‍ബലമായിരിക്കുമ്പോള്‍ കേന്ദ്ര ബേങ്കിന്റെ ബാലന്‍സ് ഷീറ്റ് കരുത്തുള്ളതായിരിക്കണം. ഇതിനിടെ അമേരിക്കയുള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍, ഇന്ത്യയെ അത് സാരമായി ബാധിക്കാതിരുന്നത് റിസര്‍വ് ബേങ്കിന്റെ മികച്ച കരുതല്‍ ധനശേഖരത്തിന്റെ കുരുത്തു കൊണ്ടു കൂടിയായിരുന്നു. മൂലധനത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ പ്രതിസന്ധികളെ നേരിടാനുള്ള റിസര്‍വ് ബേങ്കിന്റെ കരുത്തിനെ അത് ബാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചന കൂടിയാണ് കരുതല്‍ ധനം.
റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യ തുടങ്ങിയവരെല്ലാം കരുതല്‍ ധനം സര്‍ക്കാറിന് കൈമാറുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്. അതുകൊണ്ടാണ് വര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ റിസര്‍വ് ബേങ്കിനു മേല്‍ നടത്തി വന്ന സമ്മര്‍ദം വിജയിക്കാതെ പോയത്. ഊര്‍ജിത് പട്ടേലിന് പിറകെ ശക്തികാന്ത ദാസ് ചെയര്‍മാന്‍ പദവിയില്‍ വന്നതോടെയാണ് കാര്യങ്ങള്‍ സര്‍ക്കാറിന്റെ താത്പര്യാനുസാരം നീങ്ങാന്‍ തുടങ്ങിയത്. ശക്തികാന്ത അധികാരമേറ്റ ഉടനെ ആദ്യം ചെയ്തത് കരുതല്‍ ധനം സര്‍ക്കാറിന് നല്‍കുന്നത് സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിമല്‍ ജലാനിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനും റിസര്‍വ് ബേങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറുമായ രാകേഷ് മോഹനും കമ്മിറ്റി അംഗവും മുന്‍ ധനകാര്യ സെക്രട്ടറിയുമായ എസ് സി ഗാര്‍ഗും കരുതല്‍ ധനം നല്‍കുന്നതിനോട് കമ്മിറ്റി യോഗത്തില്‍ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഗാര്‍ഗിനെ സര്‍ക്കാര്‍ ഊര്‍ജ സെക്രട്ടേറിയറ്റിലേക്ക് മാറ്റി “ശല്യം” ഒഴിവാക്കി.
കരുതല്‍ ധനത്തിന്റെ കൈമാറ്റം രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഇന്ത്യയെ ലാറ്റിന മേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ ദുരവസ്ഥയിലേക്ക് എത്തിക്കുമെന്നുമാണ് റിസര്‍വ് ബേങ്ക് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യയുടെ മുന്നറിയിപ്പ്. ക്രിസ്റ്റിന ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള അര്‍ജന്റീന ബേങ്കില്‍ 18 യു എസ് ബില്യന്‍ ഡോളര്‍ കരുതല്‍ ധനമുണ്ട്. ഇത്രയും തുക കരുതലായി സൂക്ഷിക്കേണ്ടതില്ലെന്നായിരുന്നു ഈ നടപടിക്ക് ന്യായമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത് (ഇപ്പോള്‍ മോദി സര്‍ക്കാറും പറയുന്നത് ഇതേ ന്യായമാണല്ലോ). ഇതോടെ അര്‍ജന്റീന രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ന്യൂയോര്‍ക്ക് കോടതി അര്‍ജന്റീന കേന്ദ്ര ബേങ്കിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം സഊദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചതും ആസ്തിയില്‍ വന്‍ ഇടിവ് നേരിട്ടതും കരുതല്‍ ധനത്തിന്റെ തെറ്റായ ഉപയോഗം മൂലമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ സഊദി അമിതമായ തോതില്‍ കരുതല്‍ ഫണ്ടില്‍ നിന്ന് പണം എടുത്തിരുന്നു. ഇതേ തുടര്‍ന്ന് 2014 ആഗസ്റ്റില്‍ സഊദിയുടെ കരുതല്‍ ആസ്തി 73,700 കോടി ഡോളറായിരുന്നത് 2016 ഡിസംബറില്‍ 52,900 കോടി ഡോളറായി കുറഞ്ഞു. ഇതെല്ലാം ഇന്ത്യന്‍ ഭരണകൂടത്തിന് പാഠമാകേണ്ടതാണ്.
റിസര്‍വ് ബേങ്കിനു പ്രത്യേകമായി ട്രഷറി സംവിധാനമുണ്ട്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതല്‍ ധനമായി സൂക്ഷിക്കുന്നത്. നിലവില്‍ 28.37 ലക്ഷം കോടി രൂപയാണ് ആര്‍ ബി ഐയുടെ കരുതല്‍ ധനം. ഇത്രയും കൂടുതല്‍ തുക കരുതലായി സൂക്ഷിക്കേണ്ടതില്ലെന്നും ലോകത്തെ മുഖ്യ സാമ്പത്തിക ശക്തിയായ യു എസിലും ബ്രിട്ടനിലും നിശ്ചിത പരിധിക്കു മുകളിലുള്ള കരുതല്‍ ധനം സര്‍ക്കാറിനു കൈമാറുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ വികസ്വര രാജ്യമായ ഇന്ത്യയുടെ സാഹചര്യം വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍ തുടങ്ങി പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തികാഘാതങ്ങള്‍ ഇവിടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതിരിക്കണമെങ്കില്‍ ഇവിടെ കൂടുതല്‍ കരുതല്‍ ധനം ആവശ്യവുമാണ്. ഒരു തവണ കരുതല്‍ ധനം വിതരണം നടത്തിയാല്‍ തുടര്‍ന്നു വരുന്ന സര്‍ക്കാറുകളും ഇതേ പാത പിന്തുടരുകയും അത് സാമ്പത്തിക മേഖലയെ കൂടുതല്‍ അവതാളത്തിലാക്കുകയും ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അടുത്തിടെ ധനമന്ത്രി നിർമല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിനുള്ള തുടര്‍ നടപടികള്‍ക്കും ധനക്കമ്മി ജി ഡി പിയുടെ 3.3 ശതമാനമായി നിലനിര്‍ത്താനും തുക പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. റിസര്‍വ് ബേങ്കില്‍ നിന്ന് ലഭിക്കുന്ന പണം പ്രത്യുത്പാദനപരമായ മാര്‍ഗങ്ങളിലും വിപണിയില്‍ പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുന്ന രീതിയിലും ഉപയോഗപ്പെടുത്തുകയും സര്‍ക്കാര്‍ ഭരണച്ചെലവുകള്‍ കുറക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ സാമ്പത്തിക മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കാനാകൂ. ആര്‍ ബി ഐ നല്‍കുന്ന തുകയില്‍ 70,000 കോടി രൂപ പൊതു മേഖലാ ബേങ്കുകളുടെ മൂലധന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വിനിയോഗിക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണപരമായ ചെലവ് ഓരോ വര്‍ഷവും ഗണ്യമായി വര്‍ധിച്ചു വരികയുമാണ്. ഈ സാഹചര്യത്തില്‍ വിപണിക്ക് ഇതെങ്ങനെ ഉത്തേജനം നല്‍കുമെന്ന് കണ്ടറിയണം.