Kerala
രണ്ടില ചിഹ്നം ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മാത്രം: പി ജെ ജോസഫ്

കോട്ടയം: പാലായില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ രണ്ടില ചിഹ്നം നല്‍കുകയുള്ളുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ലെന്നും ഒന്നാം തിയ്യതി യോഗം ചേര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ കടുത്ത മത്സരം പാലായില്‍ നടക്കും. കെ എം മാണി മത്സരിച്ചപ്പോള്‍ പോലും കടുത്ത മത്സരം നടന്നു. അയ്യായിരത്തില്‍ താഴെ മാത്രമായിരുന്നു ഭൂരിഭക്ഷം. ഇത്തവണ മത്സരം കനക്കും. ഇതിനാല്‍ ജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുഖ്യ പരിഗണന. ഇത് വ്യക്തിപരമല്ലെന്നും ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് ശേഷം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ജോസഫിന്റെ പ്രതികരണം. നിഷയെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസ് വിഭാഗത്തിന്റെ അണിയറ നീക്കം.
എന്നാല്‍ നിഷ സ്ഥാനാര്‍ഥിയാകുന്നതിനോട് പി ജെ ജോസഫിന് കടുത്ത വിയോജിപ്പുള്ളതായാണ് വിവരം. മാണി കുടുംബത്തില്‍ നിന്ന് വേണ്ടെന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തുന്നത്. സ്വതന്ത്രനെ സ്ഥാനാര്‍ഥിയായി വരട്ടേയെന്നും അദ്ദേഹം അനുഭാവികളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിഷ സ്ഥാനാര്‍ഥിയായാല്‍ അംഗീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയസാധ്യതയുള്ളവര്‍ക്ക് മാത്രം ചിഹ്നം നല്‍കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. രണ്ട് വിഭാഗവും കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ യു ഡി എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.