National
യെച്ചൂരി തരിഗാമിക്കൊപ്പം ഇന്ന് ശ്രീനഗറില്‍ തങ്ങും

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലിലാക്കപ്പെട്ട സി പി എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും. തരിഗാമിക്കൊപ്പം താമസിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യെച്ചൂരിക്ക് അനുമതി നല്‍കി.
സുപ്രീംകോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 11.30നാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ യെച്ചൂരി എത്തിയത്. കോടതി നിര്‍ദ്ദേശമനുസരിച്ച് സീനിയര്‍ സുപ്രണ്ടന്റ് ഓഫ് പോലീസ് യെച്ചൂരിയെ അനുഗമിച്ചു.
പന്ത്രണ്ട് മണിയോടെയാണ് ഗുപ്ക റോഡലുള്ള തരിഗാമിയുടെ വസതിയില്‍ യെച്ചൂരി സന്ദര്‍ശനം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചില്ല.
തരിഗാമിയെ കാണാനും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാനുമാണ് യെച്ചൂരി എത്തിയത്. കശ്മീരിലെ നിലവിലെ അവസ്ഥയും തരിഗാമിയുടെ ആരോഗ്യ സ്ഥിതിയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് അനുസരിച്ച് യെച്ചൂരി നല്‍കും. തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച് അദ്ദേഹം കശ്മീരിലെ അവസ്ഥ വിവരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കശ്മീരിനെ രണ്ടായി വിഭജിക്കുകയും കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തതിന് ശേഷം ഏറെ സങ്കീര്‍ണ അവസ്ഥയിലാണ് താഴ്വരയിലുള്ളത്. എല്ലായിടത്തും സൈന്ത്യത്തിന്റെ കര്‍ശന നിയന്ത്രണമാണ്. വാര്‍ത്താ വിതരണ സംവിധാനങ്ങളെല്ലാം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പലയിടത്തും വ്യാപക അറസ്റ്റും നടക്കുന്നു. നേതാക്കളെല്ലാം വീട്ടുതടങ്കിലാണ്. ഈ ഒരു സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി യൂസഫ് തരിഗാമിയെ കാണാന്‍ കോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തത്. കശ്മീരില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് കശ്മീരിലെത്തുന്നതെന്ന പ്രത്യേകതയും യെച്ചൂരിയുടെ സന്ദര്‍ശനത്തിനുണ്ട്.