Ongoing News
ദുബെ, അക്‌സര്‍ തകര്‍ത്താടി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ എ ടീം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ എ ടീമിന് തകർപ്പൻ വിജയം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 69 റൺസിന് വീഴ്ത്തി.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ട വീര്യം 45 ഓവറിൽ 258 റൺസിൽ അവസാനിച്ചു. 10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് (16 പന്തില്‍ 10)-ശുഭ്മാന്‍ ഗില്‍ (47ല്‍ 46) കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 54 റണ്‍സെടുത്തു.
നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെ-ഇഷാന്‍ കിഷന്‍ സഖ്യവും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് (75 റണ്‍സ്) പടുത്തുയര്‍ത്തി ഇന്ത്യന്‍ സ്‌കോറിന് അടിത്തറയേകി. പിന്നീടായിരുന്നു ദുബെ-പട്ടേല്‍ സഖ്യത്തിന്റെ കിടിലന്‍ ബാറ്റിംഗിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ സാക്ഷിയായത്. ഇന്ത്യയുടെ ടോപ് സ്‌കോററായ ദുബെ 60 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 79 റണ്‍സ് നേടിയപ്പോള്‍ 36ല്‍ ആറു ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സാണ് അക്‌സറിന്റെ സംഭാവന. ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യയെ 327ലേക്ക് ഉയര്‍ത്തിയത് പിരിയാത്ത ഈ ഏഴാം വിക്കറ്റ് സഖ്യമാണ്.
അന്‍മോല്‍ പ്രീത് സിംഗ് (29), നായകന്‍ മനീഷ് പാണ്ഡെ (39), ഇഷാന്‍ കിഷന്‍ (37), ക്രുനാല്‍ പാണ്ഡ്യ (14) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കക്കു വേണ്ടി ലോകകപ്പ് താരം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ബ്യോണ്‍ ഫോര്‍ച്യൂണ്‍ എന്നിവര്‍ രണ്ടു വീതവും ആന്റിച് നോര്‍ജ്, ജൂനിയര്‍ ഡാല എന്നിവര്‍ ഓരോ വിക്കറ്റും നേടി.