Connect with us

Health

തൈറോയ്ഡ് പരിശോധനയും ചികിത്സാ രീതിയും

Published

|

Last Updated

കേരളത്തില്‍ തൈറോയ്ഡ് രോഗം ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് അടുത്തകാലത്തുണ്ടായ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ലാബുകളില്‍ തൈറോയ്ഡ് രോഗ പരിശോധനക്കെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ അന്തസ്രാവികളിൽ വെച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണ് തൈറോയ്ഡ്ഗ്രന്ഥി. ഇതിന്റെ പ്രവര്‍ത്തനത്തിന് ഭംഗം വരുമ്പോള്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാവുമ്പോഴാണ് തൈറോയ്ഡ് രോഗം ഉണ്ടാവുന്നത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുകയാണ്. കഴുത്തിന് മുന്പില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്നതാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോക്‌സിന്‍, ട്രൈ അയഡോ തൈറോക്‌സിന്‍ എന്നീ ഹോര്‍മോണുകളാണ് ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.

തൈറോയ്ഡ് രോഗം മൂന്ന്് തരത്തിലാണ്. ഒന്ന്് ഹൈപ്പോ തൈറോയ്ഡിസം രണ്ടാമത്തേത് ഹൈപ്പര്‍ തൈറോയിഡിസം മൂന്നാമേത്തത് ഗോയിറ്റര്‍ അഥവാ തൊണ്ട മുഴ. തൈറോയ്ഡ് രോഗം വരാനുള്ള കാരണം ഇതുവരെയും ശാസ്ത്ര ലോകത്തിന് കണ്ടുപിടിക്കാനായിട്ടില്ല. അയഡിന്റെ അഭാവമാണ് രോഗം വരാനുള്ള കാരണമെന്ന് പറയപ്പെടുന്നു.

ഹൈപ്പോ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 ഹോര്‍മോണുകളുടെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. 100 പേരില്‍ 5-10 പേർ ഹൈപ്പോ തൈറോയ്ഡിസമുള്ളവരാണ്. അയഡിന്റെ കുറവ്, ഓട്ടോ ഇമ്യൂണ്‍ രോഗമായ ഹാഷിമോട്ടോ രോഗം എന്നിവയാണ് പ്രധാന കാരണങ്ങള്‍.

ഹൈപ്പോ തൈറോയ്ഡിസത്തിന്റെ
പ്രധാന ലക്ഷണങ്ങൾ
  • . തണുപ്പ് സഹിക്കാൻ കഴിയാതെ വരിക
  • വണ്ണം കൂടുക
  • ശരീരത്തിൽ നീര് ഉണ്ടാകുക
  • പേശീ വേദന
  • വിശപ്പില്ലായ്മ
  • ഉന്മേഷക്കുറവ്
  • പകൽസമയത്തും ഉറക്കം വരിക
  • രാത്രി ദീർഘ നേരം ഉറങ്ങുക
  • വിഷാദ രോഗം
  • മുടികൊഴിച്ചിൽ
  • ചിലരിൽ ശബ്ദത്തിന് മാറ്റം വരാം.
  • ആർത്തവ പ്രശ്‌നങ്ങൾ, സമയക്രമം തെറ്റുക.
  • ക്ഷീണം
  • തലവേദന, തലകറക്കം.
  •  ഈ രോഗമുള്ളവരിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറവാണ്.

തൈറോയ്ഡ് ഹോർമോൺ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡ് ചികിത്സിക്കുന്നത്. ഈ മരുന്ന് ദീർഘകാലം ഉപയോഗിക്കേണ്ടി വരും. ഇടക്കിടെ ഹോർമോണിന്റെ അളവ് പരിശോധിച്ച് മരുന്നിന്റെ ഡോസ് കൂട്ടിയും കുറച്ചും നൽകേണ്ടി വരും. അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഈ രോഗം ഒരു പരിധി വരെ തടയാൻ കഴിയും. കാബേജ്, കോളിഫ്ലവർ എന്നിവ മിതമായ അളവിൽ കഴിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ അവ അമിത അളവിൽ കഴിച്ചാൽ ഗോയിറ്ററിന് കാരണമാകാറുണ്ട്.

ഗോയിറ്റർ

തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന അമിത വളർച്ചയാണ് തൊണ്ടമുഴ അഥവാ ഗോയിറ്റർ. അയഡിന്റെ അഭാവം മൂലമാണ് ഈ രോഗം കണ്ടിരുന്നത്. കഴുത്തിന് മുൻവശത്തായി ഉമിനീര് ഇറക്കുമ്പോൾ മുകളിലോട്ടും താഴോട്ടും നീങ്ങുന്ന മുഴയായിട്ടാണ് ഗോയിറ്റർ കാണുക. ഹൈപ്പോ, ഹൈപ്പർ തൈറോയിഡിസം കാരണം ഗോയിറ്റർ വരാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസറും മറ്റൊരു കാരണമാണ്. ഇതിന് രക്ത പരിശോധന കൂടാതെ മുഴയിൽ നിന്ന് കുത്തിയെടുത്ത് പരിശോധനയും നടത്തേണ്ടി വരും. ഹോർമോൺ വ്യതിയാനം കൊണ്ടുള്ള മുഴകൾ മരുന്ന് കൊണ്ട് ചികിത്സിക്കാമെങ്കിലും പലപ്പോഴും വലിയ മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവരും. ഗോയിറ്റർ ഉള്ളവരിൽ ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്, ശബ്ദത്തിന് വ്യത്യാസം എന്നിവ അനുഭവപ്പെടാം.

 

തൈറോയ്ഡ് രോഗം കണ്ടുപിടിച്ചാൽ ഹൈപ്പോ തൈറോയ്ഡിസം ഉള്ളവർക്ക് തൈറോയ്ഡ് ഹോർമോൺ സപ്ലിമെന്റ് ആണ് സാധാരണ നൽകാറ്. ഹൈപ്പർ തൈറോയ്ഡിസത്തിന് തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറക്കാനാണ് മരുന്ന് നൽകുന്നത്. ഒരു വർഷം കൃത്യമായി മരുന്ന് കഴിച്ചാൽ രോഗം മാറാം. ചിലർക്ക് രണ്ട് വർഷം വരെ ചികിത്സ വേണ്ടി വരും.

ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോൺ കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഇത് സ്ത്രീകളിൽ അമിതമായി കാണുന്നു. ഓട്ടോ ഇമ്മ്യൂൺ ഗ്രേവ്‌സാണ് പ്രധാന കാരണം. പാരന്പര്യമായി ഈ രോഗം വരാൻ സാധ്യതയുണ്ട്.

രക്തതത്തിലെ തൈറോയ്ഡ് ഹോർമോൺ അളക്കുന്നത് വഴി രോഗനിർണയം നടത്താം. കൂടാതെ ടി എച്ച് എസിന്റെ അളവ് കുറഞ്ഞിരിക്കും. ശസ്ത്രക്രിയ വഴിയോ റേഡിയോ ആക്ടീവ് അയഡിൻ ഉപയോഗിച്ചോ തൈറോയ്ഡ് കോശങ്ങൾ നശിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്.

പ്രധാന ലക്ഷണങ്ങൾ
  • ചൂട് സഹിക്കാൻ കഴിയാതെ വരിക
  • അമിത വിശപ്പ്
  • ഭക്ഷണം നന്നായി കഴിച്ചാലും ശരീരം മെലിയുക
  • കൈവെള്ളയും കാൽ വെള്ളയും വിയർക്കുക
  • കൈകൾക്ക് വിറയൽ
  • അമിതമായ ഉത്കണ്ഠ
  • ഉറക്ക കുറവ്
  • ആർത്തവം അടുത്തടുത്ത്
  • വരൽ
തൈറോയ്ഡ് പരിശോധനയും ചികിത്സാ രീതിയും

തൈറോയ്ഡ് രോഗം ഇല്ലാത്തവർക്ക് ഗർഭകാലത്ത് മാത്രമായി രോഗം വരാനുള്ള സാധ്യത ഉണ്ട്. ഇതിന് ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ടെസ്റ്റ് നടത്തണം. അമ്മക്ക് ഉണ്ടെങ്കിൽ കുഞ്ഞിനും ഈ രോഗം കണ്ടുവരാറുണ്ട്. അതിനാൽ ഡോക്ടരുടെ നിർദേശപ്രകാരം ചികിത്സ സ്വീകരിേക്കണ്ടതാണ്.

തൈറോയ്ഡ് രോഗം ക്യാൻസറായി പരിണമിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. ഇതിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്‌കാനിംഗുകളും കുത്തിപരിശോധനകളും കൊണ്ട് അസുഖത്തെ കണ്ടെത്താനാവും. കഴുത്തിന് മുമ്പിലുള്ള മുഴയാണ് സാധാരണയായി കാണുന്ന ലക്ഷണം. തൈറോയ്ഡ് മുഴകളുടെ വലുപ്പ വ്യത്യാസമനുസരിച്ച് ശബ്ദവ്യതിയാനം, ശ്വാസതടസ്സം, ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തണം. തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയാൽ പരിഹാരമായി സർജറി നടേത്തണ്ടി വരും. പ്രധാനമായും രണ്ട് വിധമാണ് തൈറോയ്ഡ് ക്യാൻസർ ഉള്ളത്. പാപ്പിലറി കാർസിനോമയും ഫോളിക്കുലർ കാർസിനോമയും. സാധാരണയായി 75 %വും പാപ്പിലറി കാർസിനോമയാണ് കാണപ്പെടുന്നത്. പാപ്പിലറി കാർസിനോമ കഴുത്തിലെ കഴലകളിൽ ബാധിക്കുന്ന ഒന്നാണ്. ഫോളിക്കുലർ കാർസിനോമ കഴുത്തിലെ രക്തത്തിലൂടെ പരക്കും. പക്ഷേ തൈറോയ്ഡ് ക്യാൻസർ മറ്റുള്ള ക്യാൻസറുകളെക്കാളും എളുപ്പത്തിൽ ചികിത്സിക്കാവുന്നതാണ്. തുടക്കത്തിലേ ചികിത്സിച്ചാൽ ജീവിത ദൈർഘ്യം കുറയില്ല.
ലക്ഷണങ്ങൾ

1. കഴുത്തിൽ മുഴ
2. വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്
3. തൊണ്ടയിൽ കരകരപ്പ്
4. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
5. ശരീര ഭാരം കുറയുക

കണ്ടെത്താനുള്ള മാർഗങ്ങൾ

1. തൊട്ടുനോക്കി കണ്ടുപിടിക്കുക
2. നീഡിൽ ബയോപ്‌സി (കുത്തിയെടുത്ത് പരിശോധിക്കുക)
3. അൾട്രാസൗണ്ട്

ചികിത്സ

1. ശസ്ത്രക്രിയ, തൈറോയിഡെക്ടമി ( തൈറോയ്ഡ് ഗ്രന്ഥിയെ നീക്കം ചെയ്യുക)
2. റേഡിയോ അയഡിൻ ചികിത്സ
തൈറോയ്ഡ് രോഗങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ ചിലപ്പോൾ പ്രകടിപ്പിച്ചെന്ന് വരില്ല. എങ്കിലും സംശയം തോന്നിയാൽ അപ്പോൾ തന്നെ ഒരു ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സ തേേടണ്ടതാണ്. .

തയ്യാറാക്കിയത്
ടി എസ് നാസില

എംഡി,ഡി എന്‍ ബി, ഡി എം സീനിയര്‍ കണ്‍സള്‍ട്ടന്റ്്, എന്‍ഡോക്രിണോളജിസ്റ്റ് ആസ്റ്റർ മിംസ് കോഴിക്കോട്

Latest