സംഘര്‍ഷം മൂര്‍ച്ഛിച്ചതിനിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍; ഗുജറാത്ത് തീരത്ത് ജാഗ്രത

Posted on: August 29, 2019 12:45 pm | Last updated: August 29, 2019 at 9:22 pm

കറാച്ചി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍. കരയില്‍ നിന്ന് കരയിലേക്കു തൊടുക്കാവുന്നതും പലതരം പോര്‍മുനകളുള്ളതും 290 കിലോമീറ്റര്‍ വരെ ദൂരം വരെ എത്തുന്നതുമായ ഗസ്‌നവി മിസൈലാണ് ബുധനാഴ്ച രാത്രി പരീക്ഷിച്ചത്. ഇതിന്റെ വീഡിയോയും പാക് സേന പുറത്തുവിട്ടു.

പാക്കിസ്ഥാനിലെ നാഷണല്‍ ഡവലപ്‌മെന്റ് കോംപ്ലക്‌സ് നിര്‍മിച്ച മിസൈലാണ് പരീക്ഷിച്ചതെന്ന് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ദി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ എസ് പി ആര്‍) അറിയിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ആക്രമണ സാധ്യത മുന്‍നിര്‍ത്തി ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സൈന്യം ജാഗ്രത പുലര്‍ത്തി വരികയാണ്.