രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും

Posted on: August 29, 2019 10:33 am | Last updated: August 29, 2019 at 6:07 pm

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടെ തിരുവനന്തപുരം ശംഖുമുഖത്ത് മുങ്ങിമരിച്ച തീരദേശ ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് 10 പത്തുലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് ഡി ടി പി സിയില്‍ താത്കാലിക ജോലി നല്‍കും.

ആഗസ്റ്റ് 21ന് ശംഖുമുഖത്ത് കടലില്‍ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ജോണ്‍സണ്‍ മുങ്ങിമരിച്ചത്. സ്ത്രീയെ രക്ഷപ്പെടുത്തി മറ്റൊരു തീരദേശ ഗാര്‍ഡിന് കൈമാറിയെങ്കിലും ആഞ്ഞടിച്ച തിരമാലകള്‍ ജോണ്‍സന്റെ ജീവന്‍ കവരുകയായിരുന്നു. തന്നെ കുറിച്ചോര്‍ക്കാതെ മറ്റൊരു ജീവന്‍ രക്ഷപ്പെടുത്തിയ ധീരനാണ് ജോണ്‍സണ്‍ ഗബ്രിയേലെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തീരദേശ ഗാര്‍ഡെന്ന നിലയിലുള്ള 13 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ജോണ്‍സണ്‍ 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.