Connect with us

Editorial

കെവിന്‍ വധക്കേസിന്റെ വശവും മറുവശവും

Published

|

Last Updated

നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ കടുത്ത ശിക്ഷയാണ് പത്ത് പ്രതികള്‍ക്കും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിനും ബാക്കി കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും തുല്യമായി വീതിച്ചു നല്‍കണമെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ പിഴത്തുക നല്‍കിയില്ലെങ്കില്‍ അവരുടെ വാഹനങ്ങള്‍ വിറ്റ് ഈടാക്കി നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കുകയും വേണം. കേസില്‍ മൊത്തം 14 പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ അടക്കം നാല് പേരെ നേരത്തെ വെറുതെ വിട്ടിരുന്നു. വളരെ വേഗത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഏപ്രില്‍ 26ന് തുടങ്ങി 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. പ്രമാദമായ കേസുകളില്‍ ഇത്രവേഗം വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ.്
2018 മെയ് 27ന് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയതോടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്രമികള്‍ കൊല്ലം ജില്ലയിലെ തെന്മലയിലേക്കാണ് ഇരുവരെയും കൊണ്ടു പോയത്. താമസിയാതെ അനീഷിനെ തിരികെ കോട്ടയത്ത് എത്തിച്ചു. 28ന് കാലത്ത് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയും ചെയ്തു. ആറ്റില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തി. കെവിനെ വെള്ളത്തില്‍മുക്കി ശ്വാസം മുട്ടിച്ചപ്പോള്‍ ഉള്ളിലേക്ക് ശക്തമായി വെള്ളം കയറിയാണ് മരണമുണ്ടായത്. ഇത് ബാഹ്യ ഇടപെടല്‍ കൊണ്ടാണെന്നാണ് ഫോറന്‍സിക് നിഗമനം.

ദുരഭിമാന കൊലയെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും കോടതി നിരീക്ഷിച്ച കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. വധശിക്ഷ വിധിക്കാത്തതില്‍ നിരാശയില്ലെന്നും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അര്‍ഹമായ ശിക്ഷയാണെന്നുമാണ് കെവിന്റെ പിതാവ് ജോസഫിന്റെ പ്രതികരണം. ജീവപര്യന്തം തടവുശിക്ഷ എന്നത് ജീവിതാവസാനം വരെയാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് ഇളവ് നല്‍കിയില്ലെങ്കില്‍ ജീവിതാവസാനം ജയിലില്‍ കഴിയണമെന്നാണ് നിയമമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കെവിനെ തന്റെ വീട്ടുകാര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചിരുന്നതായും ജാതി മാറിയുള്ള വിവാഹമാണ് കൊലക്ക് കാരണമെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണ് നീനുവിന്റെ കുടുംബം. ദളിത് ക്രൈസ്തവനാണ് കെവിന്‍.

ഒരു വ്യക്തിയോ സമൂഹമോ അവരുടെ ജാതിക്കോ സമുദായത്തിനോ മാനക്കേടുണ്ടാക്കിയെന്ന് ദുരാരോപണം നടത്തി ഒരാളെ വധിക്കുന്നതാണ് ദുരഭിമാന കൊലയെന്ന് പൊതുവെ പറയപ്പെടുന്നത്. (ഉയര്‍ന്ന ജാതിക്കാരെ വിവാഹം കഴിച്ചതിന് താണ ജാതിക്കാര്‍ കൊല്ലപ്പെടുന്നതിനെ ദുരഭിമാന കൊല എന്നല്ല ജാതി കൊലപാതകങ്ങള്‍ എന്നാണ് പറയേണ്ടതെന്നാണ് ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ അഭിപ്രായം. ഒരാളെ കൊല്ലുന്നതില്‍ എവിടെ അഭിമാനമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു). ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദുരഭിമാന കൊലയല്ല കെവിന്റെത്. രാജ്യത്ത് ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി 2016 ഡിസംബറില്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ചു സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

2014ല്‍ 28 കേസുകളാണ് ദുരഭിമാന കൊലയുടെ പേരില്‍ രേഖപ്പെടുത്തിയതെങ്കില്‍ 2015ല്‍ ഇത് 251 ആയെന്ന് കണക്കുകള്‍ കാണിക്കുന്നു. 800 മടങ്ങാണ് വര്‍ധന. ഉത്തര്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തില്‍ 2001 സെപ്തംബര്‍ 18ന് വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് വിദ്യാനഗര്‍ പടുവടുക്കം സ്വദേശിയും മണ്ഡലം പ്രസിഡന്റുമായിരുന്ന ബാലകൃഷ്ണനും മാര്‍ച്ച് 22ന് വധിക്കപ്പെട്ട മലപ്പുറം അരീക്കോട് ആതിരയും, ജാതിമാറിയുള്ള വിവാഹത്തിന്റെ ഇരകളായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒരു കോടതി ദുരഭിമാന കൊലക്കുറ്റം അംഗീകരിക്കുന്നത് ഇതാദ്യമാണ്.
തങ്ങളുടെ മതത്തിനും ജാതിക്കും വംശത്തിനും ഗോത്രത്തിനും പുറത്തുള്ളവരെ വിവാഹം കഴിക്കുന്നത് ഒരു മതവും ജാതിക്കാരും ഗോത്രക്കാരും അംഗീകരിക്കുന്നില്ല പൊതുവെ. ഇത് കുടുംബത്തിനും സമുദായത്തിനും മൊത്തം കളങ്കവും നാണക്കേടുമായാണ് കണക്കാക്കുന്നത്. മാതാപിതാക്കളുടെ വിലക്ക് വകവെക്കാതെ മക്കള്‍ ജാതിയോ മതമോ മാറി വിവാഹം കഴിക്കുമ്പോള്‍ അപ്പേരില്‍ ആ കുടുംബം സമൂഹത്തില്‍ നിന്ന് ആക്ഷേപവും കുറ്റപ്പെടുത്തലും കേള്‍ക്കേണ്ടി വരുമ്പോള്‍ അതുണ്ടാക്കുന്ന മനഃപ്രയാസവും സംഘര്‍ഷവുമാണ് കടുംകൈ ചെയ്യാന്‍ കുടുംബത്തെ പ്രേരിതരാക്കുന്നത്. എങ്കിലും അതേചൊല്ലി നിയമം കൈയിലെടുക്കാന്‍ അവര്‍ക്കവകാശമില്ലെന്നാണ് ഈ വിധിയിലൂടെ സമൂഹത്തെ ഓര്‍മപ്പെടുത്തുന്നത്.

ഇതോടൊപ്പം കഷ്ടപ്പെട്ടു വളര്‍ത്തിയ മക്കള്‍ യുവത്വത്തിലേക്ക് കടക്കുമ്പോള്‍, തങ്ങളെ ധിക്കരിച്ച്, പരസ്പരം അന്വേഷിച്ചറിയാനും മനസ്സിലാക്കാനുമുള്ള അവസരം പോലുമില്ലാതെ ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും രൂപപ്പെടുകയും വളര്‍ന്നുവരികയും ചെയ്യുന്ന പ്രണയ ബന്ധങ്ങളില്‍ കുരുങ്ങി ആരുടെയോ പിന്നാലെ ഇറങ്ങിപ്പോകുന്നത് മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഉണ്ടാക്കുന്ന മാനസികാഘാതവും നീതിന്യായ മേഖലയുടെയും സമൂഹത്തിന്റെയും ചിന്തക്ക് വിഷയീഭവിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest