മോദിയെ സ്തുതിച്ചിട്ടില്ല; വിശദീകരണവുമായി തരൂര്‍

Posted on: August 28, 2019 7:10 pm | Last updated: August 28, 2019 at 10:34 pm

തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് സംസാരിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി. വിശദീകരണം ആവശ്യപ്പെട്ട് കെ പി സി സി നല്‍കിയ കത്തിനുള്ള മറുപടി കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിലെ പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്. അങ്ങിനെ ചെയ്താലേ മോദിയെ വിമര്‍ശിക്കാനുമാകൂ. അതിനെ അങ്ങിനെത്തന്നെ കാണണം. തന്റെ ഏതെങ്കിലും ഒരു പരാമര്‍ശം മോദി സ്തുതിയാണെന്ന് കാണിച്ച് തന്നാല്‍ നന്നാകും.

താന്‍ എതിര്‍ത്തതിന്റെ പത്തു ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ മോദിയെ എതിര്‍ത്തിട്ടില്ല. ദേശീയ നേതാക്കളായ ജയറാം രമേശിന്റെയും മനു അഭിഷേക് സിംഗ്‌വിയുടെയും നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. അവര്‍ പൊതു വേദിയിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍, ട്വീറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. നമ്മള്‍ മോദി ഒന്നും ചെയ്തില്ലെന്ന് പറയുമ്പോഴും ജനം മോദിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയുകയും ചെയ്തു. എന്നിട്ട് ജനങ്ങളെ വിഡ്ഢികളെന്ന് വിളിച്ചിട്ട് കാര്യമില്ല.

പാര്‍ട്ടി ഫോറങ്ങളില്‍ അംഗമല്ലാത്തത് കൊണ്ടാണ് പരസ്യ പ്രതികരണം നടത്തിയത്. ദേശീയ രാഷ്ട്രീയസാഹചര്യങ്ങള്‍ മനസ്സിലാക്കി തന്ത്രം മാറ്റണമെന്നാണ് വിമര്‍ശകര്‍ക്കുള്ള തരൂരിന്റെ ഉപദേശം. വിശദീകരണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നല്‍കിയ കത്ത് ചോര്‍ന്നതില്‍ അതൃപ്തനായ തരൂര്‍ തന്റെ മറുപടിയും ചോര്‍ത്തണമെന്ന് ട്വീറ്റ് ചെയ്തു.