International
ഇന്ത്യാ- പാക് യുദ്ധം ആസന്നമെന്ന് പാക്കിസ്ഥാന്‍ മന്ത്രി; ഒക്ടോബറിലോ, നവംബറിലോ യുദ്ധമുണ്ടായേക്കാം

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധം ആസന്നമായിരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷേഖ് റശീദ് അഹമ്മദ്. ഒക്ടോബറിലോ, നവംബറിലോ ഇന്ത്യയുമായി ഒരു പൂര്‍ണ യുദ്ധമുണ്ടായേക്കാമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ജന്മനാടായ റാവല്‍പിണ്ടിയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ അന്തിമ സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും ഇത് ഇന്ത്യയുമായി ഒരു യുദ്ധത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഒരു ഹിതപരിശോധനക്ക് തയ്യാറാകുമായിരുന്നു. കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കൊപ്പം പാക്കിസ്ഥാന്‍ നില്‍ക്കും. മുഹര്‍റം പത്തിന് ശേഷം താന്‍ കശ്മീര്‍ സന്ദര്‍ശിക്കും.
നരേന്ദ്രമോദി സര്‍ക്കാറഇന്റെ ഇടപെടല്‍ മൂലം കശ്മീര്‍ നാശത്തിന്റെ വക്കിലാണ്. പാക്കിസ്ഥാന്‍ മാത്രമാണ് അദ്ദേഹത്തിന്റെ മുമ്പിലുള്ളത്. ആഗോള മുസ്ലിം ലോകം വിഷയത്തില്‍ എന്തിനാണ് മൗനം തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ മുസ്ലിം വിരുദ്ധ മനോഭാവത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പേ മുഹമ്മദലി ജിന്ന മനസ്സിലാക്കിയിട്ടയുണ്ട്. ഇന്ത്യയുമായി ചര്‍ച്ചകളും മറ്റും ആഗ്രഹിക്കുന്നവര്‍ വിഡ്ഡികളാണ്. കശ്മീരുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ വരുന്ന സെപ്റ്റംബര്‍ 27ന് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ സുപ്രാധാന പ്രസംഗം നടത്തും. ചൈനയെപ്പോലുള്ള ഒരു സുഹൃത്ത് നമ്മോടൊപ്പമുള്ളത് ഭാഗ്യമാണെന്നും ഷേഖ് റാശിദ് അഹമ്മദ് പറഞ്ഞു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ട ശേഷം ഇന്ത്യക്കെതിരായ പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളുടെ തുടര്‍ച്ചയാണ് ഷേഖ് റാശിദ് അഹമ്മദില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം അണികളെ ആവേശത്തിലാക്കാനാണ് പാക് നേതാവ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ് പൊതുവിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഇന്ത്യക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. കശ്മീരിനായി അവസാനംവരെ പോരാടുമെന്നും ഇംറാന്‍ഖാന്‍ പറഞ്ഞിരുന്നു.