കേന്ദ്രത്തിന്റെ വാദം തള്ളി; യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതി

Posted on: August 28, 2019 11:22 am | Last updated: August 28, 2019 at 3:26 pm

ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമിയെ ഹാജരാക്കണമന്ന് ആവശ്യപ്പെട്ട യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. എന്നാല്‍ സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ കുടുംബാംഗങ്ങള്‍ അല്ലാത്തവരെ തരിഗാമിയെ കാണുന്നത് തടയണമെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി തള്ളി. രാജ്യത്ത് ഒരു പൗരന്‍ മറ്റൊരാളെ കാണുന്നത് തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.