National
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടയാള്‍ കര്‍ണാടക ഉപമുഖ്യമന്ത്രി

ബംഗളൂരു: സ്ഥാനമോഹികളായ എം എല്‍ എമാരുടെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിചച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നടപടി ചര്‍ച്ചയാകുന്നു. ആദ്യമായാണ് ഒരു സംസ്ഥാനത്ത് മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വരുന്നത്. ഇതിലുപരി ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ നേരത്തെ കര്‍ണാടക നിയമസഭക്കുള്ളിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ രാജിവെക്കേണ്ടി വന്നയാളാണെന്നതാണ് ശ്രദ്ധേയം. ഗാവിന്ദ് കര്‍ജോള്‍, അശ്വന്ത് നാരായണ്‍, ലക്ഷ്മണ്‍ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്. ഇതില്‍ ലക്ഷ്മണ്‍ സാവദിയാണ് 2012ല്‍ നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെടുകയും രാജിവെക്കുകയും ചെയ്തത്.
നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്.
ലക്ഷ്മണ്‍ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബി ജെ പി എം പി രേണുകാചാര്യ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ്, ജെ ഡി എസ് സര്‍ക്കാറിനെ താഴെയിറക്കുന്നതില്‍ ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ്‍ സാവദി.