Kerala
നാസില്‍ ആവശ്യപ്പെട്ട പണം നല്‍കില്ല; കേസ് നിയമപരമായി നേരിടും- തുഷാര്‍

കൊച്ചി: ചെക്ക് കേസില്‍ നാസില്‍ അബ്ദുല്ല ആവശ്യപ്പെടുന്ന പണം നല്‍കാനാകില്ലെന്നും കേസ് നിയമപരപമായി കോടതിയില്‍ നേരിടുമെന്നും ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 18 കോടി രൂപയുടെ ചെക്ക് കേസാണ് തനിക്കെതിരെ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നാസില്‍ ചോദിക്കുന്നത് അഞ്ചേമുക്കാല്‍ കോടി രൂപയാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണെന്നും തുഷാറിനെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം 18 കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോടാവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.
അതിനിടെ യു എ ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമവും തുഷാര്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.