International
കാശ്മീര്‍ വിഷയത്തിലെ പോസ്റ്റുകള്‍; പാക് പ്രസിഡന്റിന് ട്വിറ്ററിന്റെ നോട്ടീസ്

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തിലെ പോസ്റ്റുകള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് ട്വിറ്ററില്‍ നിന്ന് നോട്ടീസ്. നോട്ടീസിന്റെ സ്‌ക്രീന്‍ ഷോട്ട് പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി പോസ്റ്റ്‌ചെയ്തു. പരിഹാസ്യപരവും മോശവുമാണ് ട്വീറ്ററിന്റെ നടപടിയെന്ന് അദ്ദേഹം പറയുന്നു.
തിങ്കളാഴ്ച പ്രസിഡന്റ് അല്‍വി കശ്മീര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധ റാലിയുടെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. തന്റെ ട്വീറ്റുകളിലൊന്ന് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതായി മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്നും നോട്ടീസ് ലഭിച്ചതായി ഞായറാഴ്ച വാര്‍ത്താവിനിമയ മന്ത്രി മുറാദ് സയീദും വെളിപ്പെടുത്തിയിരുന്നു.
കശ്മീരിനെ പിന്തുണച്ച് പോസ്റ്റുചെയ്തതിന് പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററിനും ഫേസ്ബുക്കിനും എതിരെ പാക്കിസ്ഥാന്‍ നിയമനടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്റര്‍ ആസ്ഥാനത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇത്തരം നോട്ടീസുകള്‍ക്ക് പിന്നിലെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് കാശ്മീര്‍ വിഷയം വീണ്ടും സജീവമാകുന്നത്. ഇതിനെതിരെ പാകിസ്ഥാന്‍് ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ജമ്മു കശ്മീര്‍ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. അന്താരാഷ്ട്ര സമൂഹത്തോട് ഇക്കാര്യം ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.