Sports
ബുമ്‌റ ഏഷ്യന്‍ അത്ഭുതം !

ജസ്പ്രീത് ബുമ്‌റ ആളൊരു സംഭവമാണ്. പേസ് ബൗളിംഗില്‍ പുതിയ ചരിത്രങ്ങള്‍ രചിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ അഭിമാനം. വെസ്റ്റിന്‍ഡീസില്‍ ഇന്നലെ ഇന്ത്യ ടെസ്റ്റ് ജയിച്ചപ്പോള്‍ ബുമ്‌റ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്തു.
വിന്‍ഡീസില്‍ ബുമ്‌റയുടെ ആദ്യ ടെസ്റ്റ് പര്യടനമാണിത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെയും ബുമ്‌റ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
അതും ആദ്യ പര്യടനത്തിലാണെന്നത് ശ്രദ്ധേയം.
ഈ നാല് ടീമുകള്‍ക്കെതിരെയും അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ആദ്യ ഏഷ്യന്‍ ബൗളര്‍ എന്ന സല്‍പ്പേരും ബുമ്‌റക്ക് സ്വന്തം. വിന്‍ഡീസ് 100 റണ്‍സിന് രണ്ടാം ഇന്നിംഗ്‌സില്‍ ആള്‍ ഔട്ടായത് ബുമ്‌റയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നിലാണ്.
എട്ട് ഓവറുകളാണ് ബുമ്‌റ എറിഞ്ഞത്. മൂന്നെണ്ണം മെയ്ഡനായി. വിട്ടുനല്‍കിയത് ഏഴ് റണ്‍സ് മാത്രം. വീണത് അഞ്ച് വിക്കറ്റുകളും.
ഇന്‍സ്വിംഗറുകളിലാണ് ബുമ്‌റയുടെ സര്‍വാധിപത്യം. വിന്‍ഡീസില്‍ ഔട്ട്‌സ്വിംഗറുകള്‍ ഗംഭീരമായി എറിഞ്ഞാണ് ബുമ്‌റ വിക്കറ്റിളക്കിയത്.
ഇന്‍സ്വിംഗര്‍ പോലെ ഔട്ട്‌സ്വിംഗറും അനായാസം എറിയാന്‍ സാധിക്കും എന്ന ആത്മവിശ്വാസം കൈവന്നുവെന്ന് ബുമ്‌റ പറഞ്ഞു.