കശ്മീരിനായി അവസാനംവരെ പാക്കിസ്ഥാന്‍ പോരാടും: ഇംറാന്‍ ഖാന്‍

Posted on: August 26, 2019 8:33 pm | Last updated: August 27, 2019 at 10:42 am

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വലിയ മുന്നറിയിപ്പും ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ആണവ ശക്തിയായ പാക്കിസ്ഥാന്‍ കശ്മീരിനായി ഏതറ്റംവരെയും പോകുമെന്ന് ഇംറാന്‍ഖാന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സമയം അത്രിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷന്‍ വഴി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇംറാന്‍ഖാന്‍. കശ്മീരിനായി അവസാന നിമിഷംവരെ രാജ്യം പോരാടും.

പാക്കിസ്ഥാന്‍ വികസനവും സമാധാനവും ആഗ്രഹിക്കുമ്പോള്‍ ഇന്ത്യ തങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഭീകരതയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനാണ് എപ്പോഴും ഇന്ത്യ സ്വീകരിക്കുന്നത്. കശ്മീരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ എപ്പോഴും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഇന്ത്യയുടേത്. അയല്‍ക്കാരുടെ ഭാഗത്ത് നിന്നുള്ള ഏത് ഭീഷണി നേരിടാനും പാക്കിസ്ഥാന്‍ സൈന്യം സജ്ജാമാണ്.

അതിര്‍ത്തിയില്‍ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച വലിയ മണ്ടത്തരമാണ്. പാക്കിസ്ഥാന്റെ കൈവശമുള്ള കശ്മീരിലാണ് ഇന്ത്യ ഇനി കണ്ണുവെക്കുന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ ഏത് വെല്ലുവിളിയുണ്ടായലും നേരിടാന്‍ പാക് സൈന്യം സജ്ജമാണ്.

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാക്കുന്നതിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ ലക്ഷ്യംകണ്ടു. ലോക നേതാക്കളുമായും എംബസികളുമായും വിഷയം പാക്കിസ്ഥാന്‍ ചര്‍ച്ച ചെയ്തു. 1965ന് ശേഷം കശ്മീര്‍ വിഷശയത്തില്‍ ഐക്യരാഷ്ട്രസഭ പ്രത്യേക യാഗം ചേര്‍ന്നു. വരുന്ന സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ താന്‍ കശ്മീര്‍ വിഷയം ഉന്നയിക്കും. കശ്മീര്‍ വിഷയത്തില്‍ ആഗോള ശക്തികള്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അവര്‍ പാക്കിസ്ഥാനെ പിന്തുണച്ചില്ലെങ്കില്‍ കശ്മീരിനായി ഏതറ്റംവരെയും രാജ്യം പോകും. പ്രശ്‌നം യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും പക്കല്‍ ആണവായുധമുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചയും പാക്കിസ്ഥാനികള്‍ വീട്ടിന് പുറത്തിറങ്ങി കശ്മീരിലെ ജനതയോട് ഐക്യപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഇംറാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.