കശ്മീര്‍: മൂന്നാമത് രാജ്യത്തിന്റെ ഇടപെടല്‍ വേണ്ട- ട്രംപിന് മുമ്പില്‍ നിലപാട് അറിയിച്ച് മോദി

Posted on: August 26, 2019 7:23 pm | Last updated: August 27, 2019 at 10:43 am

പാരിസ്: കശ്മീരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്‌ന പരിഹാരത്തിന് മൂന്നാമത് ഒരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുവുമായി ജി7 ഉച്ചക്കോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണ്. കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും മോദി പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ സ്‌ഫോടനാത്മക സാഹചര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിലപാട് മയപ്പെടുത്തി. കശ്മീരില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്ന് ട്രംപ് പറഞ്ഞു. മോദിയുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.