Connect with us

Editorial

പ്രതിപക്ഷ നേതാക്കള്‍ക്ക് കശ്മീരില്‍ വിലക്ക്?

Published

|

Last Updated

മൗലികാവകാശ ധ്വംസനവും ജനാധിപത്യ വിരുദ്ധവുമാണ് കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിപക്ഷ നേതാക്കളെ അവിടെ ഇറങ്ങാന്‍ അനുവദിക്കാതെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച സര്‍ക്കാര്‍ നടപടി. നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പോലീസ് സംഘം തടഞ്ഞു. കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ അനുവദിക്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് മുതല്‍ അവിടെ എന്ത് നടക്കുന്നുവെന്ന് പുറത്തുള്ളവര്‍ അറിയുന്നില്ല. പത്രമാധ്യമങ്ങള്‍ക്ക് വിലക്കാണ്. ഇന്റര്‍നെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുന്നു. മൂന്നാഴ്ചയിലേറെയായി ബ്രോഡ് ബ്രാന്‍ഡ് വിലക്ക് തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു നേതാക്കളുടെ സന്ദര്‍ശന ലക്ഷ്യം.

കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ രാഹുലിന് ഗവര്‍ണറുടെ ക്ഷണമുണ്ടായിരുന്നു. താഴ്‌വരയിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി രാഹുല്‍ വിമര്‍ശനമുന്നയിച്ചപ്പോഴാണ്, “താങ്കള്‍ക്ക് ഇവിടെ വരാം. അതിനായി സര്‍ക്കാര്‍ വിമാനം ഒരുക്കി നല്‍കാ”മെന്ന പരസ്യ പ്രസ്താവനയിലൂടെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചത്. ഇതനുസരിച്ചാണ് രാഹുലും പതിനൊന്ന് പ്രതിപക്ഷ നേതാക്കളും താഴ്‌വരയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷ സംഘത്തിന്റെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും അതനുവദിക്കാനാകില്ലെന്നും ഗവര്‍ണര്‍ പിന്നീട് മലക്കം മറിയുകയായിരുന്നു. രാഹുലിന് പുറമെ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, മജീദ് മേമന്‍ തുടങ്ങിയ നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. പാര്‍ട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ട് തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ബി ജെ പി ഇതര പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി കശ്മീരിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കസ്റ്റഡിയിലാണ്. എത്ര പേരെ കസ്റ്റഡിയിലെടുത്തു തടങ്കലിലാക്കിയിട്ടുണ്ടെന്ന് വ്യക്തമായി വിവരമില്ല. ഇതു സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കശ്മീര്‍ തടവറകളില്‍ ഒഴിവില്ലാത്തതിനാല്‍ പലരെയും സംസ്ഥാനത്തിന് പുറത്തുള്ള തടവറകളിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ബി ജെ പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും താഴ്‌വരയില്‍ പ്രവര്‍ത്തിക്കാനുമാകുന്നില്ല. പ്രധാന പാര്‍ട്ടികളുടെ ശ്രീനഗറിലെ ഓഫീസുകളെല്ലാം ആളൊഴിഞ്ഞു അനാഥമായി കിടക്കുന്നു.

താഴ്‌വരയിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ക്രമസമാധാനം നല്ല നിലയിലാണെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എങ്കില്‍ എന്തിനാണ് നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞതും മാധ്യമക്കാരെ കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയതും?

വിമാനത്താവളത്തില്‍ പോലീസുദ്യോഗസ്ഥരുമായി രാഹുല്‍ സംസാരിച്ചു നില്‍ക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. തനിക്ക് കശ്മീരിലെ ശാന്തമായ ഏതെങ്കിലുമൊരിടം സന്ദര്‍ശിച്ചാല്‍ മതിയെന്നും പത്തോ പതിനഞ്ചോ പേരോട് സംസാരിച്ചാല്‍ മതിയെന്നും രാഹുല്‍ പോലീസുദ്യോഗസ്ഥരോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നിരോധനാജ്ഞ നിലവിലുണ്ടെങ്കില്‍ തങ്ങള്‍ സംഘം ചേര്‍ന്ന് പോകുന്നില്ല, ഒറ്റക്ക് പോകാനും തയ്യാറാണെന്ന് രാഹുല്‍ പറയുന്നുണ്ട്. എന്നിട്ടു പോലും അവരെ പുറത്തു വിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അവിടെ സ്ഥിതിഗതികള്‍ സുഖകരമല്ലെന്നല്ലേ മനസ്സിലാക്കേണ്ടത്?

ഇന്ത്യക്കകത്തെ പ്രദേശമാണ് കശ്മീര്‍. അവിടെ പ്രവേശിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുവാദമില്ലെന്നു വന്നാല്‍? പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചാല്‍ കശ്മീര്‍ സംഘര്‍ഷഭരിതമാകുമെന്നും താഴ്‌വരയില്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കത്തിനു തിരിച്ചടി നേരിടുമെന്നുമാണ് ഗവര്‍ണറും കേന്ദ്ര വൃത്തങ്ങളും പറയുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ നിയന്ത്രണങ്ങളെ ഭേദിച്ച് താഴ്‌വരയില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നത് അവിടെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നാണ്. പ്രതിപക്ഷ നേതാക്കള്‍ അത് നേരിട്ടു കണ്ടറിഞ്ഞ് പുറം ലോകത്തെത്തിക്കുന്നത് തടയുകയെന്നതാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 370ാം വകുപ്പ് ഭേദഗതി ചെയ്ത അന്നു തൊട്ട് താഴ്‌വരയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പെല്ലറ്റുള്‍പ്പെടെയുള്ള മാരക ആയുധങ്ങളാണ് സൈന്യവും പോലീസും ഉപയോഗിക്കുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച സൗറയില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷം നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് ഭയന്ന് പരുക്കേറ്റവര്‍ ആശുപത്രിയില്‍ പോകാന്‍ പോലും ഭയപ്പെടുകയാണത്രെ. പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ യാത്രക്കിടെ, വിമാനത്തില്‍ വെച്ച് കശ്മീര്‍ വനിത തങ്ങളനുഭവിക്കുന്ന ദുരിതം രാഹുല്‍ ഗാന്ധിയോട് പറയുന്ന രംഗം ഇന്നലെ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതാണ്. തങ്ങളുടെ കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഹൃദ്രോഗിയാണ് തന്റെ മകന്‍. പക്ഷേ ഡോക്ടറെ കാണുന്നതിന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. അത്രയും കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരികള്‍ അനുഭവിക്കുന്നതെന്നാണ് ആ സ്ത്രീ പറയുന്നത്. ഫലസ്തീനികളുടെ ദാരുണാവസ്ഥയാണ് നിലവില്‍ കശ്മീരികള്‍ ഓര്‍മിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest