സാമ്പത്തിക മാന്ദ്യം: വീരവാദങ്ങള്‍ ഓട്ടയടക്കില്ല

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ സൃഷ്ടിയായ നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്. വിപണിയിലേക്ക് പണമെത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇത് ഏതാണ്ടെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. 2019 മെയില്‍ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോഴേക്കും ഏതാണ്ടെല്ലാ മേഖലകളിലും മുരടിപ്പ് പ്രകടമായി. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി, സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞു. കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക് നീങ്ങി. ചെറുകിട - ഇടത്തരം വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായി. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളൊക്കെ അധികാരമുപയോഗിച്ച് മറച്ചുവെക്കുകയും വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനത്തെ കബളിപ്പിക്കുകയുമാണ് നരേന്ദ്ര മോദി സര്‍ക്കാറും ബി ജെ പിയും ചെയ്തത്.
Posted on: August 26, 2019 4:55 pm | Last updated: August 26, 2019 at 9:34 pm

അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരുക എന്ന ലക്ഷ്യമാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചത്. 2.7 ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയാണ് ഇപ്പോള്‍ നമ്മുടേതെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൂന്ന് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ളതായി മാറുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തില്‍ രാജ്യത്താകെ ഉണ്ടാകുന്ന ആഭ്യന്തര ഉത്പാദനത്തിന്റെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ഈ ലക്ഷം കോടിയുടെ കണക്ക്. ബജറ്റില്‍ അവകാശപ്പെട്ട കണക്കും ലക്ഷ്യമിട്ട തുകയും പ്രധാനമന്ത്രി ആവേശഭരിതനായി മുന്നോട്ടുവെച്ച ലക്ഷ്യവും ഇന്ത്യയിലെ സാമ്പത്തിക യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല എന്നതാണ് വസ്തുത. ഒരു സാധാരണ ഇന്ത്യന്‍ പൗരന് അത്ര എളുപ്പത്തില്‍ ഊഹിക്കാനാകാത്ത തുകകള്‍ പറഞ്ഞ്, അവരെയാകെയൊന്ന് അമ്പരപ്പിക്കാമെന്ന തന്ത്രമേ ഈ വീരവാദങ്ങള്‍ക്കുള്ളൂ.

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ സൃഷ്ടിയായ നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്. വിപണിയിലേക്ക് പണമെത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇത് ഏതാണ്ടെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ക്കിടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തീരെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. ഇത് രാജീവ് കുമാര്‍ സൂചിപ്പിക്കുന്ന അവസ്ഥയുടെ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ആഗോള തലത്തില്‍ പരിഗണിക്കുന്നതിന് പുറത്ത് മറ്റ് ചില മേഖലകളിലെ ഉത്പാദനം കൂടി ചേര്‍ത്ത് ജി ഡി പി കണക്കാക്കുകയാണ് അന്ന് മുതല്‍ ചെയ്യുന്നത്. ഉത്പാദന മൂല്യം കൃത്യമായി അളക്കാന്‍ സാധിക്കാത്ത മേഖലകളെ ഉള്‍പ്പെടുത്തുക വഴി വളര്‍ച്ചാ നിരക്ക് കൂട്ടിക്കാണിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് അന്നു തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. അതൊക്കെ ചെയ്തിട്ടും ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് കൈവരിക്കാനായ വളര്‍ച്ചാ നിരക്ക് ശരാശരി 7.3 മാത്രമാണ്. 2016 – 17 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനത്തിലേക്കും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനത്തിലേക്കും താഴുകയും ചെയ്തു. 2019 മെയില്‍ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോഴേക്കും ഏതാണ്ടെല്ലാ മേഖലകളിലും മുരടിപ്പ് പ്രകടമായി. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി, സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞു. കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക് നീങ്ങി. ചെറുകിട – ഇടത്തരം വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായി. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളൊക്കെ അധികാരമുപയോഗിച്ച് മറച്ചുവെക്കുകയും വളര്‍ച്ചയുടെയും വികസനത്തിന്റെയും പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനത്തെ കബളിപ്പിക്കുകയുമാണ് നരേന്ദ്ര മോദി സര്‍ക്കാറും ബി ജെ പിയും ചെയ്തത്.

പൊതു തിരഞ്ഞെടുപ്പു കാലം സാധാരണ നിലക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഊര്‍ജമേകുന്ന കാലമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമ വിധേയമായും അല്ലാതെയും രാജ്യത്ത് സഹസ്ര കോടികള്‍ ചെലവഴിക്കപ്പെടും. അതുവഴിയുണ്ടാകുന്ന വര്‍ധിച്ച ക്രയവിക്രയങ്ങള്‍ ആഭ്യന്തര വളര്‍ച്ചയുടെ തോത് വര്‍ധിപ്പിക്കാറുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് ഇക്കുറിയും സഹസ്ര കോടികളായിരുന്നു. അത്രയും തുക വിപണിയിലേക്ക് എത്തിയിട്ടും വളര്‍ച്ചാ നിരക്ക് താഴേക്കാണ് പോയത്. അതായത് സാധാരണ നിലക്ക് ജി ഡി പിയിലേക്ക് സംഭാവന ചെയ്യുന്ന മേഖലകളൊക്കെ കൂടുതല്‍ താഴേക്ക് പോയെന്ന് ചുരുക്കം. തുടര്‍ന്നുള്ള പാദത്തിലും (2019 – 20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം) വളര്‍ച്ചാ നിരക്ക് താഴ്ന്നു. മുന്‍ പാദത്തില്‍ 6.6 ശതമാനമായിരുന്നത് 5.8 ശതമാനത്തിലേക്ക്. 2014ന് ശേഷം ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്ക്. നടപ്പ് പാദത്തില്‍ ഇനിയും കുറയുമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

കാറുകളുടെ വില്‍പ്പന 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.3 ശതമാനമാണ് കുറഞ്ഞത്. 2019ല്‍ ഇത് 31 ശതമാനമായി വര്‍ധിച്ചു. ഇരു ചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വില്‍പ്പനയിലും ഇടിവാണ്. ഇവ വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള പൗരന്‍മാരുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞിരിക്കുന്നു. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന കുറഞ്ഞതോടെ തൊഴില്‍ നഷ്ടപ്പെട്ടത് ഏതാണ്ട് നാല് ലക്ഷം പേര്‍ക്കാണ്. വാഹന വില്‍പ്പനയിലെ ഇടിവ് സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ നിര്‍മാണ – വിപണന മേഖലകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇതിന് പുറമെ ഇരുമ്പുരുക്ക് വ്യവസായത്തെയും ബാധിക്കും. ഇവയുടെയൊക്കെ ഉത്പാദന – വിപണന മേഖലകളിലുണ്ടാകുന്ന ഇടിവ് കൂടുതല്‍ പേരെ തൊഴില്‍രഹിതരാക്കും. കൂടുതല്‍ പേര്‍ തൊഴില്‍ രഹിതരാകുന്നുവെന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി അവര്‍ കമ്പോളത്തില്‍ നിന്ന് നടത്തുന്ന വാങ്ങലുകള്‍ കുറയും. ട്രാക്ടറുകളുടെ വില്‍പ്പന കുറയുന്നുവെന്നതിന് അര്‍ഥം കാര്‍ഷിക – ഗ്രാമീണ സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയില്‍ തുടരുന്നുവെന്നാണ്.

വളര്‍ച്ചാ നിരക്കിലേക്കും തൊഴിലവസര സൃഷ്ടിയിലേക്കും വലിയ സംഭാവന ചെയ്യുന്ന മറ്റൊരു മേഖല റിയല്‍ എസ്റ്റേറ്റാണ്. ഇന്ത്യയിലെ പ്രധാന 30 പട്ടണങ്ങളിലായി 2019 മാര്‍ച്ച് വരെ 12.8 ലക്ഷം വീടുകള്‍ വിറ്റഴിക്കാതെ കിടക്കുന്നുവെന്നാണ് കണക്ക്. 2018 മാര്‍ച്ചിനെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതല്‍. വീടുകളുടെ വില്‍പ്പന കുറഞ്ഞതോടെ പുതിയ നിര്‍മാണങ്ങള്‍ ആരംഭിക്കാന്‍ കമ്പനികള്‍ മടിക്കുന്നു. വീടു നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളുടെ മുഴുവന്‍ വിപണിയെയും ഇത് ബാധിക്കും. ഇവിടെയും തൊഴിലുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അസംഘടിത മേഖലയിലെ തൊഴിലാളികളായതിനാല്‍ അവിടെയുണ്ടാകുന്ന വലിയ തൊഴില്‍ നഷ്ടം ഒരു ഔദ്യോഗിക കണക്കിലുമുണ്ടാകില്ല.
ഇങ്ങനെ പരിശോധിച്ചാല്‍ ഏതാണ്ടെല്ലാ മേഖലകളും മുരടിപ്പിന്റെയോ മാന്ദ്യത്തിന്റെയോ പിടിയിലാണ്. അതുണ്ടാക്കുന്ന ചാക്രിക ആഘാതങ്ങള്‍ വിപണിയെ ആകെ തളര്‍ത്തുകയും ചെയ്തു. അതുകൊണ്ടാണ് സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലകളും വലിയ ഭീഷണി നേരിടുകയാണെന്ന് നീതി ആയോഗിന്റെ വൈസ് ചെയര്‍മാന് പറയേണ്ടി വന്നത്. ഇവ്വിധം സര്‍വ മേഖലകളും തളര്‍ന്ന അവസ്ഥ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടി വന്നത്. പക്ഷേ, കണക്കുകളെ മറച്ചുവെച്ചും ഊതിവീര്‍പ്പിച്ച കണക്കുകള്‍ സൃഷ്ടിച്ചും ഭാവിയിലേക്കുള്ള വലിയ ലക്ഷ്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചും സമ്പദ് വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയെ മറക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടിങ്ങനെ വേണ്ടിവരുന്നുവെന്ന ചോദ്യത്തിന് കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഏത് മേഖലകളില്‍ ഏതൊക്കെ ഘട്ടങ്ങളില്‍ ഇടപെടണമെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഈ സര്‍ക്കാറിനില്ല എന്നാണ് ഉത്തരം.

ഇപ്പോള്‍ അന്തരിച്ച അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രാലയം ഭരിച്ച 2014 മുതല്‍ 2019 വരെയുള്ള കാലത്ത് ഒരുപാട് അനുകൂല ഘടകങ്ങളുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ധനക്കമ്മി നിര്‍ദിഷ്ട പരിധിക്കുള്ളില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ധനക്കമ്മി പിടിച്ചു നിര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാറിന് കൂടുതല്‍ തുക കടമായി സ്വീകരിക്കാനും പൊതു പദ്ധതികളിലേക്ക് കൂടുതല്‍ പണമൊഴുക്കാനും സാധിക്കൂ. അതുണ്ടാകുമ്പോഴേ സ്വകാര്യ മേഖലയും ആനുപാതികമായ നിക്ഷേപങ്ങള്‍ക്ക് തയ്യാറാകൂ. പിന്നെ പണമിറങ്ങേണ്ടത് ബേങ്കുകളില്‍ നിന്നാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ ബേങ്കുകളുടെയും സാമ്പത്തിക സ്ഥിതി അത്ര ഭദ്രമല്ലെന്നാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തന്നെ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കിട്ടാക്കടം പെരുകിപ്പെരുകി നില്‍ക്കക്കള്ളിയില്ലാതായ ബേങ്കുകള്‍ തിരിച്ചടവ് ഏതാണ്ട് ഉറപ്പായ ഭവന, വാഹന വായ്പകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വീടുകളുടെയും കാറുകളുടെയും വില്‍പ്പന കുറയുമ്പോഴും ഈ ഇനങ്ങളിലേക്കുള്ള ബേങ്ക് വായ്പകളില്‍ വലിയ ഇടിവുണ്ടാകാതിരിക്കുന്നത് അതുകൊണ്ടാണ്. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കോ വലിയ നിക്ഷേപ പദ്ധതികള്‍ക്കോ സാമ്പത്തിക പിന്തുണ നല്‍കാന്‍ ബേങ്കുകള്‍ തയ്യാറാകാത്ത സാഹചര്യത്തെ സൂചിപ്പിച്ചു കൊണ്ടാണ് ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ് നിലവിലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറയുന്നത്. ഈ അവസ്ഥയെ മറികടക്കാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ കേന്ദ്ര സര്‍ക്കാര്‍. ബേങ്കുകള്‍ക്കുള്ള മൂലധന സഹായമായി 70,000 കോടി രൂപ അനുവദിക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബേങ്കുകള്‍ക്ക് അവയുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനുള്ള ടോണിക് മാത്രമേ ആകുന്നുള്ളൂ ഈ തുക.

ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്കു മേല്‍ ചുമത്തിയ അധികച്ചുങ്കം പിന്‍വലിച്ചതു കൊണ്ടോ ചില നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ പിഴ മാത്രമായി ലഘൂകരിച്ചതുകൊണ്ടോ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിക്കില്ലെന്ന് ധനമന്ത്രിക്കോ അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കോ മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കാവുന്ന അവസ്ഥയിലല്ല ഇപ്പോഴത്തെ ധനകാര്യ ഭരണമെന്നതാണ് വസ്തുത. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരണം കേന്ദ്രീകരിച്ചത് പ്രധാനമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലുമായിരുന്നു. അവിടെ നിന്നുള്ള മുന്‍ഗണനാ ക്രമത്തെ പിന്തുടരാന്‍ ധനമന്ത്രാലയം നിര്‍ബന്ധിതമായി. ധനകാര്യ ഭരണത്തില്‍ ഉണ്ടായിരിക്കേണ്ട മിനിമം അച്ചടക്കം ഇല്ലാതാകുകയാണ് ഇതോടെ സംഭവിച്ചത്.

നിലവിലെ സാഹചര്യത്തില്‍, ഈ പ്രതിസന്ധിയില്‍ നിന്ന് അത്രയെളുപ്പം കരകയറാന്‍ സാധിക്കുമെന്ന് കരുതുക വയ്യ. കമ്പോളത്തിലുണ്ടായ മാന്ദ്യം ജി എസ് ടി വഴി കേന്ദ്ര ഖജനാവിലേക്ക് എത്തുന്ന വരുമാനം കുറക്കും. അതായത് പൊതു മേഖലയിലെ നിക്ഷേപം വര്‍ധിപ്പിച്ച് വളര്‍ച്ചാ വേഗം കൂട്ടാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാറിന് നടത്താനാകില്ല. നികുതി വരുമാനം കുറയുന്നതോടെ അതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതവും വന്‍തോതില്‍ കുറയും. സംസ്ഥാനങ്ങളുടെ വരുമാനം കുറയുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ ആകെ ചെയ്യാവുന്നത് അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയിലേക്ക് വളരുകയാണെന്ന വീരവാദം മുഴക്കുക മാത്രമാണ്. നോട്ട് പിന്‍വലിച്ചതിന്റെയും മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതിന്റെയും പിഴ കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ഓര്‍ക്കുക പോലും വേണ്ട.