International
വിവാഹം കഴിഞ്ഞ് മണിക്കൂറിനകം നവദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണ മരണം

ന്യൂയോര്‍ക്ക്: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വരനും വധുവിനും ദാരുണ അന്ത്യം. അമേരിക്കയിലെ ടെക്‌സാസിലെ ഓറഞ്ച് കൗണ്ടിയിലാണ് സംഭവം. ഹൈസ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയിച്ച് ഒടുവില്‍ വിവാഹം കഴിച്ച ഹാര്‍ലി (19), റിഹാന (20) എന്നിവരാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
ഇരുവരും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. നാട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി പുറപ്പെട്ട ഇരുവരുടെയും കാര്‍ ഹൈവേയിലേക്ക് പ്രവേശിച്ച ഉടന്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കണ്‍മുമ്പില്‍, സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓറഞ്ച് കൗണ്ടി പോലീസ് അറിയിച്ചു. തന്റെ കൈകളില്‍ കിടന്നാണ് ഹാര്‍ലി മരിച്ചതെന്നും ചോരപുരണ്ട അവന്റെ അവസാന ദൃശ്യങ്ങള്‍ ഇനിയുള്ള കാലത്ത് തന്നെ വേട്ടയാടുമെന്നും നിറകണ്ണുകളോടെ മാതാവ് പറഞ്ഞു.