എഴുത്തുകാര്‍ ജാഗരൂകരാകേണ്ട കാലം: എസ് കലേഷ്

Posted on: August 25, 2019 1:53 pm | Last updated: August 31, 2019 at 7:29 pm
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍
മുഖ്യാഥിതി കവി എസ് കലേഷ് സംസാരിക്കുന്നു

താനാളൂര്‍: അക്ഷരങ്ങളെയും ആവിഷ്‌കാരങ്ങളെയും പേടിക്കുന്ന ഫാസിസ്റ്റുകളുടെ ഭരണ കാലത്ത് എഴുത്തുകാര്‍ ജാഗരൂകരാവേണ്ടതുണ്ടെന്ന് കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാര ജേതാവ് എസ് കലേഷ്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാര്‍ഥ കലര്‍പ്പുകള്‍ കലര്‍ന്ന രാജ്യമാണ് നമ്മുടേത്, ഭരണഘടന മാറ്റിമറിക്കാനും സംവരണ വിരുദ്ധത പ്രചരിപ്പിക്കാനുമുള്ള പുതിയ നയനിലപാടുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന് ചേര്‍ന്നതല്ല. ശക്തിഹീനനെ അടിച്ചൊതുക്കാനും എഴുത്തുകാരെ കൊന്നുതള്ളാനും മുതിരുന്ന സ്വേച്ഛാധിപത്യ ഭാവം രാജ്യത്തിനു ഭൂഷണമല്ല, ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും യു ആര്‍ അനന്തമൂര്‍ത്തിയും ഭീകരമായൊരു രാഷ്ട്രീയ ഭാവിയെയാണ് സൂചിപ്പിക്കുന്നത്. അനന്തമൂര്‍ത്തിയെ വീട്ടുതടങ്കലിലാക്കി അവര്‍ വിടപറഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചവര്‍ക്ക് അക്ഷരങ്ങളോട് എന്തു പ്രതിബദ്ധതയാണുള്ളതെന്നും കലേഷ് ചോദിച്ചു.