ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

Posted on: August 25, 2019 10:44 am | Last updated: August 25, 2019 at 10:44 am

ബെംഗളൂരു: കാര്‍ഷിക ഗവേഷണ രംഗത്ത് വിപ്ലവാത്മകമായ ഇടപെടലുകള്‍ നടത്തി കര്‍ണാടകയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് . ബെംഗളൂരു ഹെസ്സാര്‍ഘട്ടയിലാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 1967 സെപ്തംബര്‍ അഞ്ചിനാണ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. 13 പഴ വര്‍ഗങ്ങളും 26 പച്ചക്കറിയിനങ്ങളും 10 ഓര്‍ണമെന്റലും അഞ്ച് ഔഷധ വിളകളുമാണ് ഇവിടെ നിന്ന് ഗവേഷണത്തിലൂടെ ഉത്പാദിപ്പിച്ചെടുത്തത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പ്രധാന ഗവേഷണ കേന്ദ്രമാണ് ഹെസ്സാര്‍ഘട്ടയിലേത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 ഡിവിഷനുകളിലായി 65 ലബോറട്ടറികളാണ് ഇവിടെയുള്ളത്. ഇത് കൂടാതെ ഒഡീഷയിലെ ഭുവനേശ്വറിലും കര്‍ണാടകയിലെ ചേതള്ളിയിലും പരീക്ഷണാര്‍ഥം രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കുടകിലെ ഗോണിക്കുപ്പയിവും തുമക്കൂരുവിലെ ഹിരേഹള്ളിയിലും കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്ക്കരണം കൊണ്ടുവരുന്നതിനോടൊപ്പം സ്വയംപര്യാപ്തത കൈവരിക്കുക എന്നതും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് ഡോ. എം ആര്‍ ദിനേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.