Connect with us

Kerala

കെവിന്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി; ശിക്ഷാവിധി ചൊവ്വാഴ്ച

Published

|

Last Updated

കോട്ടയം:സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് കോടതി നിരീക്ഷണം. വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികളുടെ പ്രായവും കുടുംബസാഹചര്യവും കണക്കിലെടുത്ത് പരമാവധി ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാരെന്നു വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. ഇവര്‍ക്കെതിരെ 9 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, നിയാസ് മോന്‍ (ചിന്നു), ഇഷാന്‍ ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍.നിഷാദ്, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.
നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, റെമീസ് ഷെറീഫ്, ഷിനു ഷാജഹാന്‍, വിഷ്ണു (അപ്പുണ്ണി) എന്നിവരാണ് വെറുതെ വിട്ട മറ്റുള്ളവര്‍. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ചാക്കോയെ വെറുതെവിട്ടത്. ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികള്‍ കൂറുമാറിയിരുന്നു. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.