ശ്രീധരന്‍പിള്ളയുടേത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടി; തുഷാറിനെ രക്ഷിച്ചത് യൂസഫലി: വെള്ളാപ്പള്ളി

Posted on: August 24, 2019 12:28 pm | Last updated: August 24, 2019 at 4:32 pm

ആലപ്പുഴ: വണ്ടിചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കാണിച്ചതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി. തുഷാറിന്റെ അറസ്റ്റിന് പിന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം.

തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് പിണറായി വിജയനെ താന്‍ ബന്ധപ്പെട്ടിരുന്നു .തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം എന്നെ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. ദുബായിലുണ്ടായിരുന്ന വി മുരളീധരനും തന്നെ ബന്ധപ്പെട്ടു എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മറ്റു ബിജെപിക്കാരെ പോലെയല്ല ശ്രീധരന്‍ പിള്ള ഇടപെട്ടത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു പിള്ളയുടെ ശ്രമം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

അജ്മാനില്‍ തുഷാറിന് പതിനഞ്ച് സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ട്. 31 ലക്ഷം രൂപയ്ക്ക് വാങ്ങിയ ആ സ്ഥലം 61 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവന്‍ ആ കാര്യം എന്നോട് പറഞ്ഞു. സ്ഥലം വില്‍ക്കാന്‍ അവനോട് പറഞ്ഞതും ദുബായിലേക്ക് അയച്ചതും ഞാനാണ്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് തുഷാര്‍ താമസിച്ചത് അവിടെ വച്ചാണ് സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. അതിനിടയില്‍ സിഐഡി സംഘം എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണിതെല്ലാം. അറസ്റ്റ് ചെയ്ത തുഷാറിനെ ദുബായ് കോടതിയിലേക്കല്ല. അജ്മാനിലേക്കാണ് കൊണ്ടു പോയത്.

തുഷാര്‍ അറസ്റ്റിലായ വിവരമറിഞ്ഞ യൂസഫലി സ്വന്തം നിലയിലാണ് അവനെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. അബുദാബിയിലെ യൂസഫലിയുടെ ഓഫീസില്‍ നിന്നും അഭിഭാഷകര്‍ അടക്കം ഏഴ് സംഘമായി ആളുകള്‍ 200 കിലോമീറ്റര്‍ അപ്പുറമുള്ള അജ്മാനിലേക്ക് എത്തി. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ചതും അവരാണ്. തുഷാറിനെ ജയിലില്‍ ഇട്ടു എന്നൊക്കെയാണ് പുറത്തു വന്ന വാര്‍ത്ത തെറ്റാണെന്നും വെള്ളാപ്പള്ളി പറഞ്ഞു