ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയവുമായി റഷ്യ

Posted on: August 23, 2019 8:29 pm | Last updated: August 23, 2019 at 8:29 pm

മോസ്‌കോ: കടലിലൂടെ ഒഴുകുന്ന ആണവ നിലയം നിര്‍മിച്ച് റഷ്യ. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ ആണവനിലയമാണ് റഷ്യയുടെത്. ആണവ ഇന്ധനം നിറച്ച അക്കാഡമിക് ലൊമൊണോസോവോ എന്ന ആണവനിലയം ആര്‍ട്ടിക് സമുദ്രത്തിലൂടെ യാത്ര തുടങ്ങി. മര്‍മന്‍സ്‌കിലെ തുറമുഖത്ത് നിന്ന് അയ്യായിരം കിലോമീറ്റര്‍ ദൂരെ വടക്കുകിഴക്കന്‍ സൈബീരിയയിലെ പെവെക്കിലേക്കാണ് ആണനിലയം പുറപ്പെട്ടിരിക്കുന്നത്.

2006ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ആണവനിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. കരയില്‍ നിര്‍മിക്കുന്ന പരമ്പരാഗത രീതിയിലുള്ള ആണവ നിലത്തിനു സമാനാണ് ഇതെന്ന് ന്യൂക്ലിയാര്‍ ഏജന്‍സിയായ റൊസാറ്റോം അറിയിച്ചു. ഇത്തരത്തിലുള്ള ആണവനിലയങ്ങള്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങള്‍ക്ക് വില്‍പന നടത്താനും റഷ്യക്ക് പദ്ധതിയുണ്ട്.

അതേസമയം, കടിലൊഴുകുന്ന ആണവ നിലയത്തെ ‘ന്യൂക്ലിയാര്‍ ടൈറ്റാനിക്’ എന്നാണ് പരിസ്ഥിതി സംഘടനകള്‍ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തമായ ചെര്‍ണോബില്‍ ദുരന്തത്തെ സൂചിപ്പിച്ച് ‘ഐസിലെ ചെര്‍ണ്‍ോബില്‍’ എന്നും പരിസ്ഥിതി സംഘടനകള്‍ വിശേഷിപ്പിക്കുന്നുണ്ട്.