National
വിവാഹ വാഗ്ദനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധവും ബലാത്സംഗമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം പാലിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിട്ടും ലൈംഗിക ബന്ധം തുടരുകയും ഒടുവില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്താല്‍ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനമെന്ന ഒരേ ഒരു കാരണത്താല്‍ മാത്രമാണ് ലൈംഗിക ബന്ധം നടന്നതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചാല്‍ മാത്രമേ ബലാത്സംഗ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതിന് ബലാത്സംഗക്കുറ്റം ചുമത്തി കേസ് എടുത്തതിനെതിരെ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇരുവരും ആറ് വര്‍ഷം ബന്ധം തുടരുകയും പലവട്ടം വീട്ടീല്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തതില്‍ നിന്ന് ഇത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഈ കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.