Connect with us

Kerala

കെവിന്‍ വധം: പത്ത് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ ശനിയാഴ്ച

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസില്‍ പത്തു പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഒന്നു മുതല്‍ നാലു വരെയും ആറു മുതല്‍ ഒമ്പതു വരെയും 11, 12 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ ഉള്‍പ്പടെ നാലു പ്രതികളെ വെറുതെ വിട്ടു. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മായില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു, ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതില്‍ ഇവര്‍ 10 പേരും നേരിട്ട് പങ്കുവഹിച്ചതായി കോടതി കണ്ടെത്തി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കെവിന്റെ കാമുകി നീനുവിന്റെ പിതാവും സഹോദരനും ഉള്‍പ്പടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. അതേസമയം, നാലു പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.

നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്‌സാപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയായി കണക്കാക്കുന്ന കേസില്‍ മൂന്നു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. മേയ് 27നാണ് കെവിന്‍ കൊല്ലപ്പെട്ടത്. 2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസില്‍ 2019 ജൂലൈ 30 നാണ് വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ചു. 238 രേഖകളും 50ലേറെ തെളിവുകളും പരിശോധിച്ചു. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.

---- facebook comment plugin here -----

Latest