Connect with us

Editorial

സാമ്പത്തിക മേഖല അതിമാന്ദ്യത്തിലേക്ക്

Published

|

Last Updated

ആശങ്കാജനകമാണ് പൊതു സമ്പദ്ഘടനയുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഉപഭോഗത്തിലും നിക്ഷേപങ്ങളിലും കനത്ത ഇടിവാണ് അനുഭവപ്പെടുന്നത്. ഇത് രാജ്യത്തെ കൂടുതല്‍ അസ്വസ്ഥജനകമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രസീലിനും ദക്ഷിണാഫ്രിക്കക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിന്‍ റോയ് കഴിഞ്ഞ മെയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ 70 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം അനുഭവപ്പെടുമെന്ന് ഐ എം എഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് ഏപ്രിലില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാഹന വിപണി, ഗാര്‍ഹിക ഉപകരണ വിപണി, റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി തുടങ്ങിയ മേഖലകളിലെ തളര്‍ച്ച സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങളെ ശരിവെക്കുന്നുണ്ട്. കാര്‍ വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ടുകളാണ് വിവിധ കമ്പനികള്‍ അടുത്തിടെയായി പ്രഖ്യാപിച്ചത്. എന്നിട്ടും വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 25.71 ശതമാനവും ഹെവി വാണിജ്യ വാഹനങ്ങളുടെത് 37.48 ശതമാനവും ലൈറ്റ് കമേഴ്‌സ്യല്‍ വാഹനങ്ങളുടെത് 18.79 ശതമാനവും ഇരുചക്ര വാഹനങ്ങളുടെത് 16 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചരക്കു നീക്കങ്ങളുടെ ദയനീയ സ്ഥിതിയിലേക്കു കൂടി വിരല്‍ചൂണ്ടുന്നതാണ് ചരക്ക് കടത്തു വാഹനങ്ങളുടെ വില്‍പ്പനയിലെ കനത്ത ഇടിവ്. റിയല്‍ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയിലാണ്. രാജ്യത്ത് 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന നാല് ലക്ഷം ഫ്‌ളാറ്റുകള്‍ വിറ്റുപോകാതെ കിടക്കുന്നുണ്ട്.

സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ “മേക്ക് ഇന്‍ ഇന്ത്യ” വന്‍ പരാജയമാണെന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാനും തൊഴില്‍ നൈപുണ്യ വികസന കോര്‍പറേഷന്‍ മേധാവിയുമായ എ എം നായിക് വെളിപ്പെടുത്തുന്നു. ഉത്പന്നങ്ങള്‍ രാജ്യത്തിനുള്ളില്‍ നിര്‍മിക്കുകയാണ് “മേക്ക് ഇന്‍ ഇന്ത്യ” കൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍ ആഭ്യന്തര നിര്‍മാണത്തിനു പകരം ഇറക്കുമതി ചെയ്യാനാണ് കമ്പനികള്‍ താത്പര്യപ്പെടുന്നതെന്ന് നായിക് ചൂണ്ടിക്കാട്ടി. ഇതുമൂലം പദ്ധതി വിഭാവനം ചെയ്തതു പോലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതകള്‍ രാജ്യത്ത് കുറവായതാണ് അവര്‍ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാനുള്ള കാരണമെന്ന് നാല് ദിവസം മുമ്പ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നായിക് വ്യക്തമാക്കി.

നോട്ട് നിരോധനം ചെറുകിട കച്ചവട മേഖലയില്‍ സൃഷ്ടിച്ച തളര്‍ച്ച ഇതുവരെ പരിഹരിക്കാനായിട്ടില്ല. വിദേശ നിക്ഷേപം കൊണ്ട് സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്താമെന്ന പ്രതീക്ഷയും തെറ്റി. മൂലധന നിക്ഷേപങ്ങളും ഉത്പാദനവും കുറഞ്ഞതും കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കടത്തിന്റെ തോതിലുണ്ടായ വന്‍ വര്‍ധനവും അത് തിരിച്ചു പിടിക്കുന്നതില്‍ ബേങ്ക് മേഖലയുടെയും സര്‍ക്കാറിന്റെയും പരാജയവുമെല്ലാമാണ് മാന്ദ്യത്തിന്റെ കാരണങ്ങളായി പറയുന്നത്. രാജ്യത്ത് ചെറിയ തോതില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്ന് മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രാലയവും സമ്മതിക്കുന്നുണ്ട്. എങ്കിലും അത് താത്കാലികമാണെന്ന് ആശ്വാസം കൊള്ളുന്നു. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം ആഭ്യന്തര തലത്തില്‍ ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യത്തോടൊപ്പം ആഗോള സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ ആസന്നമായ ആഗോളതല സാമ്പത്തിക മാന്ദ്യം കൂടി കടന്നു വരുന്നതോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. ഐ എം എഫ് ചീഫ് എക്കണോമിസ്റ്റ് മോറിസ് ഓബ്‌സ്‌ഫെല്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് അടുത്ത വര്‍ഷം അമേരിക്കയിലുള്‍പ്പെടെ അനുഭവപ്പെടാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

2010ന്റെ തുടക്കത്തില്‍ ആഗോള തലത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ സാമ്പത്തിക തളര്‍ച്ച ഇന്ത്യയെ സാരമായി ബാധിച്ചിരുന്നില്ല. രാജ്യത്തിന്റെ മോശമല്ലാത്ത സാമ്പത്തികാടിത്തറയും ഇന്ത്യന്‍ മാര്‍ക്കറ്റ് ലോക വിപണിയുമായി ഇപ്പോഴുള്ള തരത്തില്‍ കൂടുതല്‍ ബന്ധപ്പെടാത്തതുമെല്ലാമായിരുന്നു അതിന്റെ കാരണങ്ങള്‍. എന്നാലിപ്പോള്‍ സാമ്പത്തികാടിത്തറ ഒട്ടും ഭദ്രമല്ല. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി തുലോം കുറവാണ്. പ്ലാനിംഗ് ബോര്‍ഡ് അംഗം കെ ഹരിലാലിന്റെ അഭിപ്രായത്തില്‍, നമ്മുടെ ഇറക്കുമതി അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചാകയാല്‍ അമേരിക്കന്‍ ഡോളറിനുണ്ടാകുന്ന നേരിയ ചലനം പോലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിക്കും. അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഇടിവുണ്ടാകുകയും പലിശ നിരക്ക് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിലേക്ക് അതെത്തിച്ചേരുന്നു. ഇതിനെ തടയിടാന്‍ കെല്‍പ്പുറ്റ പ്രാദേശിക സാമ്പത്തിക വിനിമയം രാജ്യത്ത് നിലവിലില്ലെന്നും നോട്ട് നിരോധനമാണ് ഈ പ്രതിസന്ധി വരുത്തിവെച്ചതെന്നും അദ്ദേഹം വിലയിരുത്തി. തങ്ങളുടെ വര്‍ഗീയ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള തിരക്കിനിടയില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗനിക്കാനും പരിഹാരം തേടാനും സര്‍ക്കാറിന് സമയമില്ലെന്നതാണ് സങ്കടകരം.